പാക് ഭീകര കേന്ദ്രങ്ങള്‍ പൂട്ടണമെന്ന് റഷ്യ
മോസ്കോ : പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ പൂട്ടിയില്ലെങ്കില്‍ സാമ്പത്തിക സഹായം പുന:പരിശോധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.
ഭീകര കേന്ദ്രങ്ങള്‍ പൂട്ടാതെ ഇന്ത്യാ - പാക് ബന്ധത്തില്‍ പുരോഗതി അസാദ്ധ്യമാണെന്ന് റഷ്യ ചൂണ്ടിക്കാട്ടി. റഷ്യയിലെ ഉപപ്രധാന മന്ത്രി ട്രബ്നിക്കോവ് വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രസിഡന്റ് പര്‍വേശ് മുഷാറഫിന് പാക് ചാര സംഘടനയെ ഐ എസ് ഐയില്‍ പൂര്‍ണ നിയന്ത്രണമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യാ പാക് ബന്ധത്തില്‍ മുഷാറഫ് ഇരട്ട സ്വഭാവം കാണിക്കുകയാണ്. ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതെങ്ങനെയെന്ന് പട്ടാള മേധാവി ചിന്തിക്കേണ്ട സമയമാണിത്. ഇതു വരെ ഇക്കാര്യത്തില്‍ പുലര്‍ത്തിപ്പോന്നതെല്ലാം തെറ്റായ നയമായിരുന്നുവെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി പറഞ്ഞു.
അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റം നേരിയ തോതിലെങ്കിലും കുറഞ്ഞത് അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ പൂട്ടുകയാണ് ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാനുളള ഏക പോംവഴി. ഇത്തരം മൂര്‍ത്തമായ പ്രവൃത്തികളില്ലാതെ ഇന്ത്യാ പാക് ബന്ധത്തില്‍ പുരോഗതിയുണ്ടാകില്ലെന്ന് ട്രബ്നിക്കോവ് ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെ പൊരുതുന്ന ഇന്തോ- റഷ്യന്‍ സൈനിക സഖ്യത്തിന്റെയും യുഎസ്- റഷ്യന്‍ സൈനിക സഖ്യത്തിന്റെയും ചെയര്‍മാനാണ് ട്രബ്നിക്കോവ്.












Click it and Unblock the Notifications