3 ലക്ഷം സിപിഎം പ്രവര്‍ത്തകര്‍ അറസ്റ് വരിക്കും
തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സപ്തംബര്‍ രണ്ട് മുതല്‍ നടത്തുന്ന ജയില്‍ നിറക്കല്‍ സമരത്തില്‍ മൂന്ന് ലക്ഷം സി പി എം പ്രവര്‍ത്തകര്‍ അറസ്റ് വരിക്കുമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍ അറിയിച്ചു.
സപ്തംബര്‍ രണ്ട് മുതല്‍ 12 വരെയാണ് പ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സി പി എം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് ആഗസ്ത് 24 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വിജയകുമാര്‍ അറിയിച്ചു.
സപ്തംബര്‍ രണ്ട് മുതല്‍ 12 വരെ ജില്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും സി പി എം പ്രവര്‍ത്തകര്‍ ഉപരോധിക്കും. ജാമ്യം വേണ്ടെന്നുവെച്ച് സി പി എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ജയിലുകള്‍ നിറക്കും.
വായ്പ നല്‍കുന്നതിന് എ ഡി ബി മുന്നോട്ടുവെച്ച നിബന്ധനകള്‍ സംസ്ഥാന സര്‍ക്കാര്‍ നിരാകരിക്കണമെന്ന ആവശ്യം പ്രക്ഷോഭത്തില്‍ ഉയര്‍ത്തിപ്പിടിക്കും. കയര്‍, കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
സംസ്ഥാനത്ത് ഇപ്പോള്‍ പുകഞ്ഞുനില്‍ക്കുന്ന വ്യാജരേഖാ വിവാദം സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. മാഫിയകളാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്.












Click it and Unblock the Notifications