ഓര്‍ത്തഡോക്സ്-പാത്രിയര്‍ക്കീസ് പോര് മൂക്കുന്നു
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് വിഭാഗവും പാത്രിയാര്‍ക്കീസ് വിഭാഗവും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാവുന്നു.
പള്ളികളില്‍ പ്രവേശിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കോട്ടയത്തിനടുത്ത് മണ്ണാര്‍ക്കാട്ടെ സെന്റ് മേരീസ് പള്ളിയില്‍ ബലംപ്രയോഗിച്ച് കടക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പാരമ്പര്യത്തിന്റെ പ്രതീകമാണ് സെന്റ് മേരീസ് പള്ളി. ആഗസ്ത് 31ന് സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ അധിപന്മാര്‍ തീരുമാനിച്ചിരിക്കുന്നത്. ആഗസ്ത് 23 വെള്ളിയാഴ്ച കോട്ടയത്ത് ഓര്‍ത്തഡോക്സ് മേധാവികളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ മേധാവി ബസേലിയോസ് മാര്‍ തോമ രണ്ടാമന് കോട്ടയത്ത് വെച്ച് സ്വീകരണം നല്‍കാനാണ് തീരുമാനം. തുടര്‍ന്ന് അദ്ദേഹത്തെയും മറ്റ് ബിഷപ്പുമാരെയും മണ്ണാര്‍ക്കാട്ടേക്ക് ഘോഷയാത്രയായി ആനയിക്കും. ബസേലിയോസ് മാര്‍ തോമ സെന്റ് മേരീസ് പള്ളിയില്‍ പ്രാര്‍ഥന നടത്തും.
പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ അധീനതയിലുള്ള സെന്റ് മേരീസ് പള്ളിയില്‍ കടക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പുരോഹിതന്മാരെ ഇതുവരെ അനുവദിച്ചിട്ടില്ല.
ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പുരോഹിതരെ പള്ളിയില്‍ കടക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് പാത്രിയര്‍ക്കീസ് വിഭാഗം പറയുന്നത്. ഇരുവിഭാഗത്തിനുമിടയില്‍ നിലനില്‍ക്കുന്ന നേരിയ സമാധാനം പോലും ഇല്ലാതാക്കാനേ ഇത്തരം നീക്കങ്ങള്‍ പ്രയോജനപ്പെടുകയുള്ളൂവെന്ന് പാത്രിയര്‍ക്കീസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ നേരത്തെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എറണാകുളം ജില്ലയിലെ വാവക്കോട്ടെ സെന്റ് മേരീസ് പള്ളിയിലെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പുരോഹിതനായ ഫാ. ജോസഫ് വേന്ദ്രപള്ളിയുടെ ശവസംസ്കാരം നടത്താന്‍ പാത്രിയര്‍ക്കീസ് വിഭാഗം അനുവദിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സംഘര്‍ഷാവസ്ഥയുണ്ടായി.
തുടര്‍ന്ന് ജില്ലാ അധികൃതര്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ശവസംസ്കാരം നടന്നത്. എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ബിഷപ്പുമാരെ പള്ളിയില്‍ പ്രവേശിക്കാന്‍ പാത്രിയര്‍ക്കീസ് വിഭാഗം അനുവദിച്ചില്ല. ശവമടക്കുന്നതിനായി പള്ളിയിലേക്ക് കൊണ്ടുവരും മുമ്പ് അന്തിമ ചടങ്ങുകള്‍ മറ്റൊരു സ്ഥലത്ത് വെച്ച് നടത്തേണ്ടിവന്നു.












Click it and Unblock the Notifications