വ്യാജരേഖ: മൊബൈല്‍ കമ്പനികള്‍ സഹകരിക്കുന്നില്ല
തിരുവനന്തപുരം: വ്യാജരേഖ സംബന്ധിച്ച അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്.
അന്വേഷണവുമായി ബന്ധപ്പെട്ട് സൂര്യാ ടിവി ലേഖകന്‍, ശോഭനാ ജോര്‍ജ് എം എല്‍ എ, തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏതാനും പേരുടെ മൊബൈല്‍ ഫോണില്‍ വന്ന കോളുകള്‍ സംബന്ധിച്ച വിവരങ്ങളാണ് മൊബൈല്‍ കമ്പനികളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. വ്യാജരേഖ സംബന്ധിച്ച വാര്‍ത്ത സൂര്യാ ടിവിയില്‍ വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ഈ ഫോണുകളില്‍ വന്നതും പുറത്തേക്ക് പോയതുമായ കോളുകളുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് അറിയേണ്ടത്.
എന്നാല്‍ ഭാഗികമായ വിവരങ്ങള്‍ മാത്രമേ ഇതേ വരെ ലഭിച്ചിട്ടുള്ളൂവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വിശദവിവരങ്ങള്‍ ലഭിക്കാന്‍ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രനെ ഇതേവരെ ചോദ്യം ചെയ്തിട്ടില്ല. ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രനെ ചികിത്സിക്കുന്ന ഡോ. വി. സൂരരാജ് മണിയ്ക്ക് ഇതുവരെ അന്വേഷണ സംഘം കത്ത് നല്‍കിയിട്ടില്ല. കോഴിക്കോട്ടും കൊച്ചിയിലും തെളിവെടുപ്പ് നടത്തുന്ന സംഘങ്ങള്‍ മടങ്ങിയെത്തിയതിനു ശേഷമേ ജയചന്ദ്രനെ ചോദ്യം ചെയ്യുകയൂള്ളൂവെന്നാണ് അറിയുന്നത്.












Click it and Unblock the Notifications