വാമൊഴിയുടെ അപൂര്‍വ പ്രവാഹം
തിരുവനന്തപുരം : പഴഞ്ചൊല്ലുകളും മുത്തശ്ശിക്കഥകളും നാടോടിപ്പാട്ടുകളും ശേഖരിക്കാനുളള കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ പദ്ധതിയ്ക്ക് വന്‍ പ്രതികരണം.
വിവിധ വിഭാഗങ്ങളിലായി ഏതാണ്ട് 8,000 ത്തോളം എന്‍ട്രികളാണ് ഇതുവരെ കിട്ടിയത്. 60നും 82നും ഇടയ്ക്ക് പ്രായമുളളവരാണ് ഇവ ശേഖരിച്ച് അയച്ചത്. അതാത് പ്രദേശങ്ങളില്‍ മാത്രം പറഞ്ഞു വരുന്ന കഥകളും ചൊല്ലുകളും നാടോടിഗാനങ്ങളുമാണ് അയച്ചു കിട്ടിയതില്‍ ഏറെയും.
നെടുമങ്ങാട്ടുളള എന്‍. ബാലകൃഷ്ണ പിളള എന്ന 82കാരന്‍ 150 ചൊല്ലുകളാണ് അയച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധസേവനമനുഷ്ഠിച്ചതല്ലാതെ താന്‍ ജന്മനാട്ടില്‍ നിന്നും മാറി നിന്നിട്ടില്ലെന്ന മുഖവുരയോടെയാണ് ഇദ്ദേഹം പഴഞ്ചൊല്ലുകളുടെ ശേഖരം അയച്ചിരിക്കുന്നത്.
പുലയ സമുദായത്തിന്റെ കയ്യൊപ്പു പതിഞ്ഞ ശൈലികളും ചൊല്ലുകളും പാട്ടുകളും ശേഖരിച്ച് അയച്ചത് കോട്ടയം ചമക്കാലയിലെ 65 കാരന്‍ തങ്കനാണ്. കൊയ്ത്തു പാട്ടുകളും കടങ്കഥകളും പ്രാദേശിക ഭാഷാഭേദങ്ങളും തങ്കന്റെ ശേഖരത്തില്‍ സുലഭം.
മുത്തശ്ശിക്കഥകളുടെ അമൂല്യമായ ശേഖരം അയച്ചിരിക്കുന്നത് സര്‍വീസില്‍ നിന്നും വിരമിച്ച ഒരു ആര്‍ടിഒയാണ്. പാലക്കാട്ടെ മണ്ണാര്‍ക്കാട്ട് താമസിക്കുന്ന ടി. കെ. ഐസക് എന്ന 65 കാരന്‍. മഹദ്വചനങ്ങള്‍ക്കും മുത്തശിക്കഥകള്‍ക്കും നാടോടിപ്പാട്ടുകള്‍ക്കും പുറമെ അന്തരിച്ച വാഗ്മി പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ ഒരു പ്രസംഗവും അദ്ദേഹം ചരിത്ര ഗവേഷണ കൗണ്‍സിലിന് അയച്ചു കൊടുത്തു. സംഘകാലത്തെ നാടോടിപ്പാട്ടുകളും പരിചകളിപ്പാട്ടുമൊക്കെ ഈ ശേഖരത്തിലുണ്ട്.
പ്രസിദ്ധവും അല്ലാത്തതുമായ ചൊല്ലുകളുടെ പ്രസിദ്ധീകൃത കൃതിയാണ് മനീഷയുടെ എഡിറ്റര്‍ യു. എം. മുസ്തഫ അയച്ചത്. കോട്ടയത്തെ ശാന്തകുമാരി അയച്ചത് രസകരങ്ങളായ കടങ്കഥളും തമാശകളും.
തലമുറകള്‍ കൈമാറി വന്ന് ഇപ്പോള്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന സമൃദ്ധമായ വാമൊഴികള്‍ ശേഖരിക്കാനുളള കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ക്ക് പഴം തലമുറയില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചു വരുന്നത്.












Click it and Unblock the Notifications