മലയാളം അടിച്ചേല്‍പ്പിക്കുന്നെന്ന് പരാതി
കാസര്‍കോട് : ഭാഷാ ന്യനപക്ഷങ്ങള്‍ക്കു മേല്‍ മലയാളം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് കര്‍ണാടക സമിതി.
മലയാളമാണ് മാതൃഭാഷയെന്ന പ്രതിജ്ഞ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സ്ക്കൂള്‍ അസംബ്ലിയില്‍ കൈക്കൊളളണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് എതിര്‍പ്പിന് കാരണമാകുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ മലയാളം അടിച്ചേല്‍പ്പിക്കുകയാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സമിതി ആരോപിച്ചു. സമിതി പ്രസിഡന്റ് ബി. വി. കക്കീലയയും സെക്രട്ടറിയും ഐ. വി. ഭട്ടും വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.
മലയാളം മാതൃഭാഷയായതില്‍ അഭിമാനിക്കുന്നുവെന്നും കേരളീയ സംസ്ക്കാരവും ഭാഷയും വളര്‍ത്താനും പ്രചരിപ്പിക്കാനും കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പ്രതിജ്ഞയെടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
മലയാളത്തെയും മറ്റു ഭാഷയെയും കന്നഡിഗര്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും ഈ പ്രതിജ്ഞ ചൊല്ലില്ലെന്ന് കര്‍ണാടക സമിതി നേതാക്കള്‍ വ്യക്തമാക്കി. ഭാഷാ ന്യൂനപക്ഷങ്ങളടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഒരു വശത്ത് വാതോരാതെ പറയുകയും മറു വശത്ത് അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
സര്‍ക്കാര്‍ ഓഫീസുകളിലെങ്കിലും ഭരണഭാഷ ഇംഗ്ലീഷിനു പകരം മലയാളമാക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. മലയാളത്തോട് സ്നേഹമുളള ഭരണാധികാരികള്‍ ചെയ്യേണ്ടത് അതാണ്. അതിനു പകരം ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ശ്രമിക്കരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പ്രതിജ്ഞ ചൊല്ലണമെന്ന ഉത്തരവ് കന്നഡ സ്ക്കൂളിലും ദ്വിഭാഷ നിലവിലുളള സ്ക്കൂളിലും പിന്‍വലിച്ചു കിട്ടാന്‍ എല്ലാ രാഷ്ട്രീയ പ്പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുമെന്ന് കര്‍ണാടക സമിതി നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications