മറുപടി പറയാന്‍ ബാധ്യതയില്ല: കൃഷ്ണ
ദില്ലി : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ.
വീരപ്പനെ പിടികൂടാനുളള പ്രത്യേക ദൗത്യസേനയുടെ ഐജി കെംപയ്യയെ സ്ഥലം മാറ്റിയതു കൊണ്ടാണ് നാഗപ്പയെ തട്ടിക്കൊണ്ടു പോകാന്‍ വീരപ്പന് ധൈര്യം കിട്ടിയതെന്ന് ജയലളിത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേക്കുറിച്ചുളള വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് ആഗസ്ത് 27 ചൊവാഴ്ച മറുപടി പറയുകയായിരുന്നു എസ്. എം. കൃഷ്ണ.
വീരപ്പന്‍ കൊടുത്തയച്ച പുതിയ ഓഡിയോ കസെറ്റില്‍ പുതിയ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുളള കസെറ്റാണ് വീരപ്പന്‍ കൊടുത്തയച്ചത്. പണ്ടു പറഞ്ഞതൊക്കെ ഇതിലും ആവര്‍ത്തിക്കുകയാണ് കാട്ടുകളളനെന്ന് കൃഷ്ണ പറയുന്നു.
വീരപ്പനെ പിടികൂടാന്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ എപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കൃഷ്ണ ചൂണ്ടിക്കാട്ടി. മറിച്ചുളള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സംയുക്ത ദൗത്യസേന രൂപീകരിച്ചതു തന്നെ സഹകരണ മനോഭാവത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
ദൗത്യ സേനയെ ശക്തിപ്പെടുത്താനുളള മാര്‍ഗങ്ങള്‍ ജയലളിതയുമായുളള ചര്‍ച്ചയില്‍ ആരായുമെന്നും കൃഷ്ണ വെളിപ്പെടുത്തി.












Click it and Unblock the Notifications