വരുന്നൂ മൊബൈല്‍ പോസ്റുമാന്‍
ബാംഗ്ലൂര്‍: ഇനി മൊബൈല്‍ പോസ്റുമാന്റെ ഊഴം. ഒരു കയ്യില്‍ മെയില്‍ ബാഗും മറുകയ്യില്‍ മൊബൈല്‍ ഫോണുമായാണ് ഇനി പോസ്റുമാന്‍ വീട്ടില്‍ എത്തുക. മൊബൈല്‍ ഫോണ്‍ നിങ്ങളുടെ വീട്ടുവാതില്ക്കല്‍ എത്തുമെന്നര്‍ത്ഥം.
നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോസ്റുമാന്റെ കയ്യിലെ മൊബൈല്‍ ഫോണില്‍ നിന്നും ഫോണ്‍ ചെയ്യാം. പണം പോസ്റ്മാന് നല്കിയാല്‍ മതി. പോസ്റ്മാന്റെ കയ്യിലെ മൊബൈല്‍ ഫോണില്‍ ഒരു മീറ്ററും ഉണ്ടായിരിക്കും. ഈ മീറ്ററില്‍ നിങ്ങള്‍ വിളിച്ച കാളിനുള്ള തുക രേഖപ്പെടുത്തും. ഇങ്ങിനെ മൊബൈല്‍ ഫോണ്‍ വഴി ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം പോസ്റുമാന് സ്വന്തമായെടുക്കാം.
കേന്ദ്രവാര്‍ത്താവിനിമയ മന്ത്രി പ്രമോദ് മഹാജനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്ത് 27 ചൊവാഴ്ച ബാംഗ്ലൂരില്‍ ബിജെപിയുടെ ദക്ഷിണമേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറോടെയാണ് ഈ പരിഷ്കാരം നടപ്പാക്കുക.
ഡിസംബറോടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ ബൂത്തുകള്‍ എത്തും. ഇന്ത്യയുടെ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം ആഗസ്ത് 31ല്‍ 80 ലക്ഷം കവിയും. ടെലികോം രംഗത്തെ വിപ്ലവം മൂലം ടെലിഫോണ്‍ ചെലവ് 2004ഓടെ കുത്തനെ ഇടിയും. - മഹാജന്‍ പറഞ്ഞു.
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്ത് ചൈന ഇന്ത്യയ്ക്ക് വെല്ലുവിളിയല്ല. ഇന്ത്യ ഇക്കാര്യത്തില്‍ മൈലുകള്‍ മുന്നിലാണ്. ചൈന ഇപ്പോള്‍ ഈ രംഗത്ത് ചുവടുവച്ചു വരുന്നുണ്ടെങ്കിലും അവര്‍ നമ്മളോടൊപ്പമെത്താന്‍ ഒരു ദശകമെങ്കിലുമാവും. - മഹാജന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications