വൈദ്യുതി നിരക്ക് : തീരുമാനം വ്യാഴാഴ്ച
തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ദ്ധനയെക്കുറിച്ച് ആഗസ്ത് 28 വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കുമെന്നറിയുന്നു.
വര്‍ദ്ധന അനിവാര്യമാണെന്ന കാര്യത്തില്‍ വ്യവസായ- വൈദ്യുതി വകുപ്പുകള്‍ തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടായ സാഹചര്യത്തില്‍ വര്‍ദ്ധന എത്രയെന്ന് തീരുമാനിച്ചാല്‍ മതിയാകും. വ്യവസായങ്ങള്‍ക്കും വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വ്യവസായങ്ങള്‍ക്ക് 40 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നും ലോഡ്ഷെഡിംഗ് ദൈര്‍ഘ്യം ഒരു മണിക്കൂറായി വര്‍ദ്ധിപ്പിക്കണമെന്നുമുളള കെഎസ്ഇബി ശിപാര്‍ശ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍ 40 ശതമാനം പവര്‍കട്ട് എന്ന നിര്‍ദ്ദേശത്തെ വ്യവസായ വകുപ്പ് എതിര്‍ക്കുമെന്നറിയുന്നു.
ബോര്‍ഡിന്റെ പ്രതിദിന നഷ്ടം ഒന്നേകാല്‍ കോടി ആയ സാഹചര്യത്തില്‍ ജല വൈദ്യുതിയെ ആശ്രയിക്കുന്നത് ചുരുക്കണമെന്ന നിര്‍ദ്ദേശവും മന്ത്രിസഭാ യോഗം വിലയിരുത്തും. പകരം വില കൂടിയ താപ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഈ നിര്‍ദേശം എത്രത്തോളം പ്രായോഗികമാകും എന്നതും മന്ത്രിസഭ ചര്‍ച്ച ചെയ്യും.
വൈദ്യുതി - വ്യവസായ വകുപ്പുകളുടെ തര്‍ക്കത്തെ തുടര്‍ന്നാണ് നിരക്കു വര്‍ദ്ധന വൈകിയത്. നിരക്ക് വര്‍ദ്ധിപ്പിക്കാതെ രക്ഷയില്ലെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിസഭയിലെ അതിരൂക്ഷമായ അഭിപ്രായ വ്യത്യാസം കാരണം തീരുമാനം വൈകുകയായിരുന്നു.












Click it and Unblock the Notifications