തലസ്ഥാനത്തു നിന്നും ജംബോ പറന്നു
തിരുവനന്തപുരം : ചൊവാഴ്ച ഉച്ച തിരിഞ്ഞ് 2.45 ന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നും കൃഷ്ണദേവരായര്‍ പറന്നു പൊങ്ങിയപ്പോള്‍ സത്യമായത് തലസ്ഥാനത്തിന്റെ ഏറെക്കാലത്തെ സ്വപ്നം.
ഒരുപാട് നാളത്തെ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷം അങ്ങനെ തിരുവനന്തപുരത്തു നിന്നും ഒരു ജംബോജെറ്റ് വിമാനം പറന്നുയര്‍ന്നു. 410 സീറ്റുകളുളള എയര്‍ ഇന്ത്യ 5787 ജംബോ ജെറ്റ്. പേര് കൃഷ്ണ ദേവരായര്‍.
മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 1.15നാണ് വിമാനം തിരുവനന്തപുരത്തെത്തിയത്. 2.45 ന് ദുബായിലേയ്ക്ക് പുറപ്പെട്ടു. 4.55ന് ദുബായിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓണക്കാലത്തെ യാത്രാത്തിരക്കു കുറയ്ക്കാനാണ് ജംബോജെറ്റ് തലസ്ഥാനത്ത് വന്നത്. ബുധനാഴ്ചയും സര്‍വീസ് തുടരും.
ആദ്യമായി തിരുവനന്തപുരത്തിന്റെ റണ്‍വേയിലിറങ്ങിയ ജംബോ ജെറ്റിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മുഖ്യമന്ത്രി എ. കെ. ആന്റണി, സഹകരണ മന്ത്രി എം. വി. രാഘവന്‍, വി. എസ്. ശിവകുമാര്‍ എം. പി., എയര്‍ ഇന്ത്യ കമേഴ്സ്യല്‍ മാനേജര്‍ സുലേഖ ശ്രീവാസ്തവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദ്യമായി തലസ്ഥാനത്തു നിന്നും ജംബോ ജെറ്റില്‍ കയറിയ ലിന്‍സി എന്ന യാത്രക്കാരിയ്ക്ക് മുഖ്യമന്ത്രി ബോര്‍ഡിംഗ് പാസ് നല്‍കി.
തിരുവനന്തപുരത്തു നിന്നും സ്ഥിരമായി ജംബോ ജെറ്റ് സര്‍വീസ് നടത്തണമെന്ന് ട്രാവല്‍ ഏജന്റ് അസോസിയേഷന്‍ വ്യോമയാന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇവിടെ നിന്നും ജംബോ ജെറ്റ് സര്‍വീസ് തടയാന്‍ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ. വി. മുരളീധരന്‍ പ്രസ്താവിച്ചു.
സര്‍വീസ് സ്ഥിരമാക്കണമെന്നാവശ്യപ്പെട്ട് ചേമ്പര്‍ ഓഫ് കോമേഴ്സും വ്യോമയാന മന്ത്രിയ്ക്കും എയര്‍ ഇന്ത്യാ ചെയര്‍മാനും നിവേദനം നല്‍കി.












Click it and Unblock the Notifications