ജോസ് കെ. മാണി യൂത്ത് ഫ്രണ്ട് പ്രസിഡന്റ്
കോട്ടയം : മന്ത്രി കെ. എം. മാണിയുടെ പുത്രന്‍ ജോസ് കെ. മാണിയെ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു.
നിലവിലുളള പ്രസിഡന്റ് വിക്ടര്‍ ടി. തോമസിനിനെ ഭാവിയില്‍ മാണി കേരളയുടെ സംസ്ഥാന നേതൃത്വത്തിലേയ്ക്ക് ഉയര്‍ത്താമെന്ന വാഗ്ദാനം നല്‍കി രാജി വെപ്പിച്ചാണ് ജോസ് കെ. മാണിയെ നേതാവാക്കിയത്. പുത്രനെ യൂത്ത് ഫ്രണ്ട് അധ്യക്ഷനാക്കണമെന്ന മാണിയുടെ ആഗ്രഹത്തിന് ഏറെക്കാലമായി യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃത്വം പുറന്തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സെറിഫെഡ് ചെയര്‍മാനാണ് വിക്ടര്‍ ടി. തോമസ്.
ജി ഐ സി ഹൗസിംഗ് ഫിനാന്‍സ് കമ്പനിയുടെ തിരുവനന്തപുരം ശാഖാ മാനേജരാണ് ജോസ് കെ. മാണി. ജോലിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാനാണ് ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ ജോസ് കെ. മാണിയെ മത്സരിപ്പിക്കാന്‍ മാണി കിണഞ്ഞ് ശ്രമിച്ചതാണ്. എന്നാല്‍ അന്ന് പാര്‍ട്ടിയിലുണ്ടായിരുന്ന പി. സി. തോമസ് എം. പിയുടെ നേതൃത്വത്തില്‍ നടന്ന വിമത പ്രവര്‍ത്തനങ്ങളില്‍ മാണിയ്ക്ക് അടിയറ പറയേണ്ടി വന്നു. തോമസ് മാണി ഗ്രൂപ്പില്‍ നിന്നും പുറത്തായതോടെ ജോസ് കെ. മാണിയെ പ്രതിഷ്ഠിക്കുന്നതിനെ എതിര്‍ക്കാന്‍ പാര്‍ട്ടിക്കുളളില്‍ കരുത്തുളള ശബ്ദമൊന്നും ഇല്ലാതെയായി.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാണി പുത്രനെ യൂത്ത് ഫ്രണ്ട് പ്രസിഡന്റാക്കിയതെന്ന് വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഒരേയൊരു ഒരു ലോക്സഭാ സീറ്റായ മൂവാറ്റുപുഴയില്‍ കാലങ്ങളായി മത്സരിച്ചു വരുന്നത് പി. സി. തോമസാണ്. തോമസ് പുറത്തായ വഴിയില്‍ ഇനി അവിടേയ്ക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണം. അത് തന്റെ മകനാവുന്നത് നാട്ടുകാര്‍ക്ക് വിരോധമുണ്ടാവില്ലെന്നതാണ് മാണിയുടെ അഭിപ്രായം.












Click it and Unblock the Notifications