വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കില്ല: മുഖ്യമന്ത്രി
ആലപ്പുഴ: എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി ആന്റണി. ആഗസ്ത് 30 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേറെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവന്നത്. ഈ വര്‍ധന നടപ്പില്‍വരുത്തിയില്ലെങ്കില്‍ വൈദ്യുതി ബോര്‍ഡിന്റെ 100 കോടിയുടെ പ്രതിമാസ നഷ്ടം അവിടെ കിടക്കും. - ആന്റണി പറഞ്ഞു.
വൈദ്യുതി ബോര്‍ഡിനെ കാര്യക്ഷമമാക്കാന്‍ അടിമുടി മാറ്റങ്ങള്‍ വരുത്തും. വൈദ്യുതി വിതരണ രംഗത്ത് തല്ക്കാലം സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. അതേ സമയം വൈദ്യുതോല്പാദന രംഗത്ത് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും. - അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭാതര്‍ക്കം പരിഹരിക്കാന്‍ ഇരുപക്ഷവും ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്ക് തയ്യാറായാല്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്. വ്യാജരേഖാക്കേസില്‍ കുറ്റം ചെയ്തവരെ സമൂഹമധ്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പമ്പാനദിയില്‍ നിന്നും ആലപ്പുഴജില്ലയില്‍ കുടിവെള്ളം എത്തിക്കാനുള്ള ഹഡ്കോ സഹായത്തോടെയുള്ള 77 കോടിയുടെ പദ്ധതിനിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി എ.കെ. ആന്റണി നേരത്തെ നിര്‍വഹിച്ചു.












Click it and Unblock the Notifications