വ്യാജരേഖ: നാല് പേര്‍ക്കെതിരെ തമിഴ്നാട്ടില്‍ കേസ്
ചെന്നൈ: മന്ത്രി കെ. വി. തോമസിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ സൂര്യാ ടി വി മാനേജിംഗ് ഡയറക്ടര്‍ കലാനിധി മാരനുള്‍പ്പെടെ നാല് പേര്‍ക്കെതിരെ തമിഴ്നാട്ടില്‍ കേസ് രജിസ്റര്‍ ചെയ്തു.
കലാനിധി മാരന് പുറമെ സൂര്യാ ടി വി ജനറല്‍ മാനേജര്‍ പ്രവീണ്‍, ന്യൂസ് എഡിറ്റര്‍ സുകുമാരന്‍, റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശോഭനാ ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ തേന്നം പടി പൊലീസ് സ്റേഷനിലാണ് കേസ് ചാര്‍ജ് ചെയ്തത്.
നാല് പേരും തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അനില്‍ നമ്പ്യാര്‍ തനിക്കെതിരെ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയതെന്നാണ് ശോഭനയുടെ പരാതിയില്‍ പറയുന്നത്.
അതിനിടെ വ്യാജരേഖ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം സപ്തംബര്‍ രണ്ട് തിങ്കളാഴ്ച പി. സി. ജോര്‍ജ് എം എല്‍ എയെ കാണാനെത്തി.
താന്‍ നിയമസഭാ കാന്റീനില്‍ പി. സി. ജോര്‍ജ് എം എല്‍ എയുമായി സംസാരിച്ചിരിക്കെ ശോഭനാ ജോര്‍ജ് തന്നെ കൈകാട്ടി അടുത്തേക്ക് വിളിച്ചാണ് കെ. വി. തോമസിനെതിരായ രേഖയെ കുറിച്ച് പറഞ്ഞതെന്ന് അനില്‍ നമ്പ്യാര്‍ മൊഴി നല്‍കിയിരുന്നു. അനില്‍ നമ്പ്യാരുടെ മൊഴിയുടെ സത്യാവസ്ഥ അറിയാനാണ് ക്രൈംബ്രാഞ്ച് പി. സി. ജോര്‍ജിനെ കാണാന്‍ എം എല്‍ എ ക്വാര്‍ട്ടേഴ്സിലെത്തിയത്. ക്രൈംബ്രാഞ്ച് സംഘമെത്തുമ്പോള്‍ പി. സി. ജോര്‍ജ് ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് ശോഭനാ ജോര്‍ജിനെ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. തനിനിറം പത്രത്തിന് വേണ്ടി ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രകാശ് നമ്പൂതിരി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആരോമല്‍രാജ്, ദേവദാസ്, ശോഭനയുടെ മകള്‍ രമ്യയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എബി, എസ് ടി ഡി ബൂത്ത് ഉടമ കുഞ്ഞുമോന്‍ പറങ്കമൂട്ടില്‍ എന്നിവരെ ചെങ്ങന്നൂര്‍ ഐ ബിയില്‍ വെച്ച് തിങ്കളാഴ്ച ചോദ്യം ചെയ്തു.












Click it and Unblock the Notifications