Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു

തിരുവനന്തപുരം: ഒരാഴ്ചയ്ക്ക് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വൈദ്യുതി നിരക്ക് വര്‍ദ്ധന പൂര്‍ണ്ണമായി പിന്‍വലിച്ചു. മന്ത്രി സഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ കെ ആന്റണിയാണ് ഇത് അറിയിച്ചത്.

വൈദ്യുതി നിരക്ക് കൂട്ടിയതിനെക്കുറിച്ച് അവലോകനം ചെയ്യാന്‍ സെപ്തംബര്‍ നാല് ബുധനാഴ്ച കൂടിയ മന്ത്രിസഭായോഗമാണ് ഈ തീരുമാനം എടുത്തത്. ഈതീരുമാനത്തിന് കഴിഞ്ഞ ആഴ്ച മുതല്‍ പ്രാബല്യമുണ്ടാവും.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും എതിര്‍ത്തതുകൊണ്ട് വൈദ്യുതി നിരക്ക് വര്‍ധന പൂര്‍ണ്ണമായും പിന്‍വലിക്കുകയാണ്. ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് ഈ തീരുമാനം. - മന്ത്രിസഭായോഗം കഴിഞ്ഞ് പുറത്തുവന്ന ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു.

താപവൈദ്യുതിക്കുള്ള സര്‍ചാര്‍ജ്ജ് എന്ന നിലയ്ക്ക് യൂണിറ്റിന് 50 പൈസ വച്ച് കൂട്ടാനും ഗാര്‍ഹിക ഉപയോക്താക്കളുടെ സ്ലാബ് നിരക്ക് ഏകീകരിക്കാനുമാണ് ആഗസ്ത് 28ന് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതുവഴി ഗാര്‍ഹിക ഉപയോക്താക്കളുടെ വൈദ്യുതിബില്ലില്‍ 50 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന സ്ഥിതിവിശേഷമുണ്ടായി. മഴ ചതിച്ചതുകൊണ്ട് വൈദ്യുതി പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റാനാണ് ഈ തീരുമാനമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വിശദീകരണം.

ഞങ്ങളുടേത് ഏകാധിപത്യ ഭരണമല്ല. ഒരു ജനാധിപത്യഭരണത്തിന് ജനവികാരം അവഗണിക്കാന്‍ കഴിയില്ല- ആന്റണി പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ദ്ധന പിന്‍വലിയ്ക്കാന്‍ തീരുമാനമെടുത്ത മന്ത്രിസഭായോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കടവൂര്‍ ശിവദാസന്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹം പാലക്കാട് വൈദ്യമഠം ആശുപത്രിയില്‍ ചികിത്സയിലാണ്.

വൈദ്യുതി നിരക്ക് വര്‍ദ്ധന മാറ്റണമെന്ന് കോണ്‍ഗ്രസിലെ തന്നെ ഐ വിഭാഗം മുഖ്യമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം യു ഡി എഫിലെ പല വിഭാഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ആഗസ്ത് 28നാണ്വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള മന്ത്രിസഭാതീരുമാനം ഉണ്ടായത്. ഇതിനെതിരായി നടന്ന പ്രതിപക്ഷ സമരം അക്ഷരാര്‍ത്ഥത്തില്‍ കേരളമാകെ കത്തിപ്പടരുകയായിരുന്നു. സിപിഐയാണ് സമരം തുടങ്ങിവച്ചത്. തൊട്ടുപിന്നാലെ ജയില്‍നിറയ്ക്കല്‍ സമരവുമായി സിപിഎമ്മും എത്തി. അധികം വൈകാതെ ബിജെപിയും യുവജനവേദിയും സമരത്തോടൊപ്പം ചേര്‍ന്നു. ഈ പാര്‍ട്ടികളുടെ യുവജനസംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും യുവമോര്‍ച്ചയും എബിവിപിയും രംഗത്തെത്തിയതോടെ സമരത്തിന്റെ വീര്യം കൂടി. കക്ഷിരാഷ്ട്രീയഭേദമില്ലാതെ ജനകീയപിന്തുണയും സമരത്തിന് ലഭിച്ചു.

വ്യാപകമായി വൈദ്യുതി ഓഫീസുകള്‍ സമരക്കാര്‍ തകര്‍ത്തു. കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജ്ജും റബര്‍ ബുള്ളറ്റുപയോഗിച്ചുള്ള വെടിവെപ്പും വ്യാപകമായതോടെ സമരം അക്രമത്തിലേക്ക് തിരിഞ്ഞു. പൊലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്കും ഒട്ടേറെ പ്രകടനക്കാര്‍ക്കും പരിക്കേറ്റു.

ബിജെപി സപ്തംബര്‍ ആറിനും ഇടതുമുന്നണി സപ്തംബര്‍ 16,17 തീയതികളിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഈ സമരം സര്‍ക്കാരിന്റെ പ്രതിച്ഛായ പാടെ നഷ്ടപ്പെടുത്തുമെന്ന ഭയം ഭരണകക്ഷിയില്‍ തന്നെ ശക്തമായി. വൈദ്യുതിനിരക്ക് പിന്‍വലിക്കാന്‍ വിഎസ് മുന്നോട്ട് വച്ച നിര്‍ദേശം പരിഗണിക്കാമെന്ന വൈദ്യുതി മന്ത്രി കടവൂരിന്റെ പ്രസ്താവന ഇതിനുദാഹരണമായിരുന്നു.

തിരക്കിട്ടുള്ള നിരക്ക് വര്‍ധന യുഡിഎഫ് സര്‍ക്കാരിന് ജനപിന്തുണ നഷ്ടപ്പെട്ടെന്ന പരാതി വ്യാപകമായിരുന്നു. യുഡിഎഫ് ഘടകകക്ഷികളും രഹസ്യമായി ഇതേ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്നു. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐഗ്രൂപ്പും ആന്റണിസര്‍ക്കാരിനെ അടിക്കാനുള്ള നല്ലൊരു വടിയായി വൈദ്യുതിനിരക്ക് വര്‍ധനയെ ഉപയോഗിച്ചതോടെ കോണ്‍ഗ്രസിനുള്ളിലും ഇതിനെച്ചൊല്ലി അഭിപ്രായഭിന്നത ഉയര്‍ന്നു.

വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിച്ചാല്‍ കേരളം ഇരുട്ടിലാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജനരോഷം അടക്കിനിര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് വന്നതിനാലാകാം നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വഴങ്ങിയതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+