വാജ് പേയിയ്ക്ക് വിമാനത്തില്‍ അപ്പവും സാമ്പാറും
തിരുവനന്തപുരം: ന്യൂയോര്‍ക്കിലേയ്ക്ക് പറക്കുന്ന പ്രധാനമന്ത്രി വാജ് പേയിയ്ക്ക് വിമാനത്തില്‍ കേരള ഭക്ഷണം. സപ്തംബര്‍ ഒമ്പതിനാണ് പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേയ്ക്ക് പറക്കുന്നത്.
സാജ് ഫ്ലൈറ്റ് കേറ്ററേഴ്സിലെ വി. അനില്‍കുമാറാണ് വാജ്പേയിയ്ക്ക് കേരള ഭക്ഷണം തയ്യാറാക്കുന്നത്.
വാജ് പേയിയ്ക്കായി കലോറി കുറഞ്ഞ ഭക്ഷണമാണ് തയ്യാറാക്കേണ്ടത്. പ്രാതലിന് കള്ളപ്പം, സ്റ്യൂ, ഇഡലി, സാമ്പാര്‍, ചമ്മന്തി, ഗോതമ്പ് ഉപ്പുമാവ്, ടുമാറ്റൊ ഉപ്പുമാവ്, ഊത്തപ്പം എന്നിവ അനില്‍ ഉണ്ടാക്കും. ഉച്ച ഭക്ഷണത്തിന് ചോറ്, തിരുവിതാംകൂര്‍ കോഴിക്കറി, കൊഞ്ച് കറി, സാമ്പാര്‍, അവിയല്‍ എന്നിവയാണ്. ഒപ്പം കാരറ്റ് പായസവും.
കുമരകത്ത് എത്തിയപ്പോള്‍ കേരള ഭക്ഷണം കഴിച്ച് വാജ് പേയി രുചി മനസ്സിലാക്കിയിട്ടുണ്ട്. ഇതാണ് കേരള ഭക്ഷണം തയ്യാറാക്കാനായി ഒരു പാചകക്കാരനെ ക്ഷണിയ്ക്കാന്‍ കാരണം. എയര്‍ ഇന്ത്യയ്ക്കായിരുന്നു ഇതിന്റെ ചുമതല. എയര്‍ ഇന്ത്യയാണ് അനിന്‍ കുമാറിനെ തിരഞ്ഞെടുത്തത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് അനില്‍ വാജ്പേയിയുടെ യാത്രാ സംഘത്തോട് ചേരുക.
ഐക്യ രാഷ്ട്രസഭയുടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേയ്ക്ക് പോകുന്നത്. സപ്തംബര്‍ ഒമ്പതിന് പോകുന്ന പ്രധാനമന്ത്രി 17 ന് മടങ്ങി വരും.












Click it and Unblock the Notifications