വിഎസ്എന്‍എല്‍ കേബിള്‍ സ്റേഷന്‍ തുറന്നു
കൊച്ചി: വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (വിഎസ്എന്‍എല്‍) സബ്മറൈന്‍ കേബിള്‍ സ്റേഷന്‍ കൊച്ചിയില്‍ തുറന്നു. വിഎസ്എന്‍എല്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയാണ് സപ്തംബര്‍ അഞ്ച് വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിച്ചത്.
അടിസ്ഥാനസൗകര്യവികസനത്തിനായി വരുന്ന മാസങ്ങളില്‍ വിഎസ്എന്‍എല്‍ മുതല്‍മുടക്കുമെന്ന് രത്തന്‍ ടാറ്റ അറിയിച്ചു. ആഭ്യന്തര ദീര്‍ഘദൂര വാര്‍ത്താവിനിമയ സേവനരംഗത്ത് വന്‍കുതിച്ചുകയറ്റമുണ്ടാകും എന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. സാറ്റ്-3, ഡബ്ല്യുഎഎസ്സി, സേഫ് എന്നീ സബ്മറൈന്‍ കേബിളുകളുടെ സംയുക്ത സ്റേഷന്‍ ഈ വര്‍ഷം മെയ് 27 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
അന്താരാഷ്ട്ര ടെലിഫോണ്‍സേവനത്തിന്റെ ചെലവുകുറഞ്ഞതോടെ അന്താരാഷ്ട്രസന്ദേശക്കൈമാറ്റങ്ങളുടെ തോതില്‍ വര്‍ധവുണ്ടായിട്ടുണ്ടെന്ന് വിഎസ്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. ഗുപ്ത പറഞ്ഞു. വിഎസ്എന്‍എല്ലിന് ഇപ്പോള്‍ എട്ട് ഗേറ്റ്വേകളും 12 സ്വിച്ചുകളും 47 എര്‍ത്ത് സ്റേഷനുകളും ഉണ്ട്.
കടലിനടിയിലൂടെയുള്ള അന്താരാഷ്ട്ര കേബിളുകള്‍ ഇന്ത്യയില്‍ എത്തുന്ന ഏകകേന്ദ്രം കൊച്ചിയാണ്. കടലിനടിയില്‍ 28,000 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതാണ് ഈ കേബിളുകള്‍. സാറ്റ്-3, ഡബ്ല്യൂഎഎസ്സി, സേഫ് എന്നീ മൂന്നു കേബിളുകളും കമ്മീഷന്‍ ചെയ്തതോടെ വിഎസ്എന്‍എല്ലിന്റെ സേവനശൃംഖല കൂടുതല്‍ വിശ്വാസ്യത നേടിയിരിക്കുകയാണ്. സെക്കന്റില്‍ 120ജിഗാബൈറ്റ് ശേഷിയുള്ള സംയുക്ത കേബിള്‍ സ്റേഷന് 58 ലക്ഷം ടെലിഫോണ്‍ ലൈനുകളെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ കഴിയും.












Click it and Unblock the Notifications