ശ്രീലങ്ക തമിഴ് പുലികള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു
കൊളംബോ: തമിഴ് വിമോചന പുലികള്‍ക്ക് നാലുവര്‍ഷമായി ശ്രീലങ്കാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സെപ്തംബര്‍ മുന്ന് ബുധനാഴ്ച പിന്‍വലിച്ചു.
തായ്ലണ്ടില് നടത്താന്‍ ഉദ്ദേശിയ്ക്കുന്ന സന്ധി സംഭാഷണങ്ങള്‍ക്ക് വഴി ഒരുക്കാനായാണിതെന്ന് ശ്രീലങ്കാ പ്രതിരോധ വകുപ്പ് മന്ത്രി തിലക് മാരാപോണ് പറഞ്ഞു. പ്രതിരോധ മന്ത്രി എന്ന അധികാരം ഉപയോഗിച്ച് തിലക് ആണ് നിരോധനം പിന്‍വലിച്ചത്. തിലക് ഈ തീരുമാനം അറിയിച്ച മന്ത്രിസഭാ യോഗത്തില്‍ രാഷ്ട്രപതി ചന്ദ്രികാ കുമാരതുംഗെ പങ്കെടുത്തിരുന്നില്ല. നിരോധനം പിന്‍വലിയ്ക്കുന്നതിനെ തുടക്കം മുതല്‍ തന്നെ ചന്ദ്രിക എതിര്‍ക്കുന്നുണ്ട്.
സെപ്തംബര്‍ 16 മുതലാണ് തായ്ലണ്ടില് ശ്രീലങ്കാ സര്‍ക്കാരും തമിഴ് പുലികളും തമ്മിലുള്ള ചര്‍ച്ച തുടങ്ങുന്നത്.
1998 ലാണ് തമിഴ് പുലികളെ ശ്രീലങ്ക നിരോധിച്ചത്. ശ്രീലങ്ക നിരോധനം പിന്‍വലിച്ചെങ്കിലും ഭാരതം, കാനഡ, ബ്രിട്ടണ്, യു എസ് എന്നിവിടങ്ങളില്‍ തമിഴ് പുലികള്‍ക്കുള്ള നിരോധനം തുടരുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലെ നിരോധനവും പിന്‍വലിയ്ക്കാനായി തമിഴ് പുലികളുടെ വക്താക്കള്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് സിഹള നേതാക്കള്‍ കരുതുന്നത്.
ഈ വിദേശ രാജ്യങ്ങളും നിരോധനം പിന്വലിയ്ക്കുകയാണെങ്കില് പുലികള്‍ക്ക് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ എളുപ്പമാവും. ബ്രിട്ടണും യു എസും മറ്റും പുലികളെ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചിരിയ്ക്കുന്നതുകൊണ്ട് ആരാജ്യങ്ങളില് ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലത്തിനുള്ള നിക്ഷേപങ്ങള്‍ ഇപ്പോള്‍ പിന് വലിയ്ക്കാനാവുന്നില്ല. നിരോധനം പിന്‍വലിയ്ക്കുന്നത് ഈ നിക്ഷേപങ്ങള്‍ പിന്‍വലിയ്ക്കാന്‍ അവസരം ഒരുക്കും.
പുലികള്‍ക്കുള്ള നിരോധനം പിന്‍വലിച്ചത് രാഷ്ട്രീയ പരമായി ചന്ദ്രികാ കുമാരതുംഗെയ്ക്കുള്ള ആഘാതമാണ്.