പാര്‍സെക് കേരളത്തിലേക്ക്
കൊച്ചി: കാള്‍സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സേവനം നല്കിവരുന്ന പാര്‍സെക് ടെക്നോളജീസ് കേരളത്തിലേക്ക്. കൊച്ചിയിലെ ഐടി പാര്‍ക്കിലാണ് ഇ-2-ഇ സേവനദാതാക്കള്‍കൂടിയായ പാര്‍സെക് ടെക്നോളജീസ് പ്രവര്‍ത്തനം തുടങ്ങുന്നത്.
കേരളത്തിലെ വ്യവസായ സംരംഭകര്‍ക്ക് ബോട്ട് പദ്ധതി (നിര്‍മ്മിച്ച് നടത്തി കൈമാറുന്ന പദ്ധതി) പ്രകാരം കാള്‍ സെന്ററുകള്‍ സ്ഥാപിച്ചു നല്കാനാണ് പാര്‍സെക് ശ്രമിക്കുക. കൊച്ചിയില്‍ ഉടന്‍ 50 ല്‍ കുറയാത്ത സീറ്റുകളുള്ള രണ്ട് കാള്‍ സെന്ററുകള്‍ പാര്‍സെക് സ്ഥാപിക്കും.
ബോട്ട് പദ്ധതി പ്രകാരം അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുന്നത് തൊട്ട് നിയമനവും പരിശീലനവും ഒടുവില്‍ കാള്‍സെന്റര്‍ കൈമാറുന്നത് വരെയുള്ള ജോലികള്‍ പാര്‍സെക് ചെയ്യുമെന്ന് ജനറല്‍ മാനേജര്‍ യുഗല്‍ ശര്‍മ്മ അറിയിച്ചു. യാതൊരു മുന്‍പരിചയവുമില്ലാത്ത വ്യവസായസംരംഭകര്‍ക്ക് മുതല്‍മുടക്കി കാള്‍ സെന്റര്‍ ബിസിനസ്സിലേക്ക് വരാന്‍ പാര്‍സെക് സഹായിക്കുമെന്നും ശര്‍മ്മ പറഞ്ഞു.
ബോട്ട് പദ്ധതിപ്രകാരം കാള്‍ സെന്ററുകള്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ഒരേയൊരു കമ്പനിയാണ് പാര്‍സെക് ടെക്നോളജീസ്. ഇപ്പോള്‍ തന്നെ ഈ പദ്ധതിപ്രകാരം ചെന്നൈയില്‍ മെഗാ ചാനല്‍ എന്ന പേരില്‍ ഒരു കാള്‍ സെന്റര്‍ പാര്‍സെക് ടെക്നോളജീസ് തുടങ്ങിക്കഴിഞ്ഞു. - ശര്‍മ്മ പറഞ്ഞു.
ഈ മാസം ഒടുവില്‍ പാര്‍സെക് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും. കാള്‍ സെന്ററിന് അനുകൂലമായ നഗരമാണ് കൊച്ചിയെന്ന നാസ്കോമിന്റെ പ്രവചനവും കേരളസര്‍ക്കാരിന്റെ ഐടി നയവുമാണ് കേരളത്തിലേക്ക് കടന്നുവരാന്‍ പാര്‍സെകിന് പ്രചോദനമായതെന്നും ശര്‍മ്മ വ്യക്തമാക്കി.












Click it and Unblock the Notifications