സ്വാമിയ്ക്കെതിരെ വീണ്ടും നീക്കങ്ങള്‍
കോഴിക്കോട്: എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായ സ്ഥാനമാറ്റങ്ങള്‍ക്ക് വിധേയനായ കാസര്‍കോട് ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി വീണ്ടും രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടാവുന്നു.
ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാണ് രാജു നാരായണ സ്വാമി അപ്രിയനായി തീര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അപ്രധാനമായ തസ്തികയിലേക്ക് സ്ഥലംമാറ്റുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി.
കാസര്‍ക്കോട്ടുള്ള മന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടതു പോലെ തയ്യാറാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സ്വാമി സ്ഥാന മാറ്റ ഭീഷണി നേരിടുന്നത്. പാര-മെഡിക്കല്‍ കോഴ്സ് തുടങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയിലുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് സ്വാമിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആശുപത്രിയില്‍ മതിയായ സംവിധാനങ്ങളില്ലാത്തതിനാല്‍ സ്വാമി അതിന് തയ്യാറായില്ല.
തൃശൂരിലെ കില എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുടെ കാര്‍ ജപ്തിചെയ്യല്‍ പോലുള്ള സംഭവങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായി സ്ഥാനമാറ്റം ചെയ്യപ്പെടുകയും അപ്രധാനമായ തസ്തികകളില്‍ നിയമിതനാവേണ്ടി വരികയും ചെയ്ത രാജു നാരായണസ്വാമി യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് കാസര്‍കോട് ജില്ലാ കളക്ടറായി നിയമിതനായത്.
നീതികരിക്കാനാവാത്ത കാരണത്താല്‍ തന്നെ സ്ഥലം മാറ്റുകയാണെങ്കില്‍ ഐ എ എസ് രാജിവെച്ച് യു എസിലെ ഒരു ഐ ടി പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് സ്വാമിയുടെ തീരുമാനം. മെച്ചപ്പെട്ട സ്ഥാനങ്ങള്‍ ഒരിയ്ക്കലും കിട്ടാത്തതുകൊണ്ട് ഒരുവര്‍ഷം മുമ്പും സ്വാമി രാജിവയ്ക്കാനായി തയ്യാറായിരുന്നു.
കാസര്‍കോട് കളക്ടറായതിന് ശേഷം സ്വാമി ആദ്യമായി പ്രാദേശിക നേതാക്കളുടെ അപ്രീതി പിടിച്ചുപറ്റുന്നത് കാസര്‍കോട്ടെ ദളംപാടിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഈട്ടിമരങ്ങള്‍ 5,000 രൂപയ്ക്ക് ലേലം ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് വീട് പണിയുന്നതിനുള്ള പണം തട്ടിയെടുക്കാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമവും സ്വാമി തടഞ്ഞിരുന്നു. ഐ എ എസ് പരീക്ഷയില്‍ സ്വാമി ഒന്നാം റാങ്കോടെയാണ് പാസായത്.












Click it and Unblock the Notifications