അക്രമത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു
കണ്ണൂര്‍: സി പി എം പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് സപ്തംബര്‍ അഞ്ച് വ്യാഴാഴ്ച മരിച്ചു.
കണ്ണൂര്‍ ഡി സി സി അംഗം തോട്ടട ശ്രുതിയിലെ പറക്കാട്ട് വീട്ടില്‍ ശ്രീനിവാസന്‍ (65) ആണ് മരിച്ചത്.
2001 ആഗസ്ത് 21നാണ് തോട്ടട ചിറവക്ക് വായനശാലക്ക് സമീപം വെച്ച് ഒരു സംഘം അക്രമികള്‍ ശ്രീനിവാസനെ വെട്ടിപ്പരിക്കേല്പിച്ചത്. ജീപ്പിലെത്തിയ ഒമ്പതംഗ സംഘമാണ് ശ്രീനിവാസെന ആക്രമിച്ചത്. ആക്രമണത്തില്‍ ഇരുകാലുകളിലും ഇരുപതിലേറെ വെട്ടേറ്റ ശ്രീനിവാസന്റെ കാലിലെ എല്ലുകള്‍ മുഴുവന്‍ തകര്‍ന്നിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷം വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു ശ്രീനിവാസന്‍. എറണാകുളത്തെ അമൃതാനന്ദമയി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലാണ് അവസാനമായി ചികിത്സ നടത്തിയത്. ഒരു മാസം മുമ്പാണ് ശ്രീനിവാസന്‍ തോട്ടടയിലെ വീട്ടിലെത്തിയത്.
ബുധനാഴ്ച കഠിനമായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.
കമ്പിലിലെ എം. വി. തങ്കമണിയാണ് ഭാര്യ. മക്കള്‍: പ്രവീണ്‍ ജോയ്, പ്രമോദ്, പ്രജോദ് ഉണ്ണി.
ശ്രീനിവാസനെ വെട്ടിയ കേസില്‍ ഒമ്പത് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നിലവിലുണ്ട്.












Click it and Unblock the Notifications