തമിഴ്നാടും കര്‍ണ്ണാടകയും ഏറ്റുമുട്ടലിലേക്ക്
ബാംഗ്ലൂര്‍: ഒരിയ്ക്കല്‍ കൂടി കാവേരി നദീജലത്തിന്റെ പേരില്‍ തമിഴ്നാട്ടുകാരും കര്‍ണ്ണാടകക്കാരും ഏറ്റുമുട്ടലിലേക്ക്. കാവേരി നദിയില്‍ നിന്നും പ്രതിദിനം 1.25 ടിഎംസി ജലം തമിഴ്നാടിന് വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി കര്‍ണ്ണാടകയോട് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
കാവേരി നദീതര്‍ക്കം രമ്യമായി പരിഹരിക്കാന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ യോഗം നടക്കുകയാണ്. യോഗത്തില്‍ കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണയും തമിഴ്നാട് മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ധനകാര്യമന്ത്രി സി. പൊന്നയ്യനും പങ്കെടുക്കുന്നുണ്ട്.
കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ നിയന്ത്രണം വിട്ടുകഴിഞ്ഞു. സപ്തംബര്‍ എട്ട് ഞായറാഴ്ച ബാംഗ്ലൂരിനും മൈസൂരിനും ഇടയ്ക്കുള്ള തീവണ്ടി ഗതാഗതം സമരം മൂലം തടസ്സപ്പെട്ടു. തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടകയിലെ കര്‍ഷകര്‍ സമരത്തിലേക്ക് തിരിഞ്ഞതുമൂലമാണിത്. ഈ സമരം ഏതു നിമിഷവും അക്രമത്തിലേക്ക് വഴുതിവീഴാമെന്ന നിലയാണിപ്പോള്‍.
കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ കര്‍ഷകര്‍ പ്രതിഷേധസൂചകമായി മാണ്ഡ്യ റെയില്‍വേസ്റേഷന്‍ കത്തിച്ചിരുന്നു. കല്ലേറില്‍ ഏഴ് യാത്രക്കാര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. റോഡ് ഗതാഗതവും ഞായറാഴ്ച സമരം മൂലം തടസ്സപ്പെട്ടിരുന്നു. സപ്തംബര്‍ ഒമ്പത് തിങ്കളാഴ്ച മാണ്ഡ്യയിലെ കെആര്‍എസ് ഡാമിലേക്ക് മാര്‍ച്ച് നടത്താനിരിക്കുകയാണ് കര്‍ഷകര്‍. അക്രമം ഭയന്ന് റാപിഡ് ആക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെ വന്‍ പൊലീസ് സന്നാഹം മാണ്ഡ്യയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications