ഇറാഖിനെ ആക്രമിക്കേണ്ട: ജര്‍മ്മനി, ഫ്രാന്‍സ്
ഹാനോവര്‍: ഇറാഖിനെ ആക്രമിക്കരുതെന്ന് ഫ്രാന്‍സും ജര്‍മ്മനിയും യുഎസിനോട് സംയുക്തമായി ആവശ്യപ്പെട്ടു. ജര്‍മ്മന്‍ ചാന്‍സലര്‍ ജെറാര്‍ഡ് ഷ്രോഡറും ഫ്രഞ്ച് പ്രസിഡന്റ് ജാക്വിസ് ചിരാകും സംയുക്തമായാണ് സപ്തംബര്‍ എട്ട് ഞായറാഴ്ച ഈ ആവശ്യം ഉന്നയിച്ചത്.
നാല് കാര്യങ്ങളോട് തങ്ങള്‍ പൂര്‍ണ്ണമായും യോജിപ്പുള്ളവരാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇറാഖിനെതിരെ യുഎസ് ഏകപക്ഷിയമായി നടപടിയെടുക്കരുത്, ഐക്യരാഷ്ട്രസമിതിയിലൂടെ പരിഹാരം കണ്ടെത്തുക, ആയുധകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ ഐക്യരാഷ്ട്രസമിതിയുടെ ആയുധപരിശോധകരെ നിരുപാധികം ഇറാഖ് അനുവദിക്കുക എന്നിവയാണ് ഇതിലെ മൂന്ന് കാര്യങ്ങള്‍. ഇറാഖിനെതിരായ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നതാണ് നാലാമത്തെ കാര്യം. വാര്‍ത്താ സമ്മേളനത്തില്‍ ജെറാര്‍ഡ് ഷ്രോഡറും ജാക്വിസ് ചിരാകും പറഞ്ഞു.
ഇതില്‍ നാലാമത്തെ കാര്യം യുഎസിനെതിരായ വിമര്‍ശനമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഐക്യരാഷ്ട്രസമിതിയുടെ ആയുധപരിശോധകരെ പരിശോധനയ്ക്ക് നിരുപാധികം ഇറാഖ് അനുവദിക്കണമെന്നതായിരുന്നു നേരത്തെ യുഎസ് അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ഉയര്‍ത്തിയിരുന്ന ആവശ്യം. എന്നാല്‍ ഈയിടെ യുഎസ് ഈ പഴയ നിലപാടിന് പകരം സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന പുതിയ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഇതിനെയാണ് ഷ്രോഡറും ജാക്വിസ് ഷിറാകും വിമര്‍ശിച്ചത്.
ഇറാഖിനെതിരായ ആക്രമണത്തില്‍ ജര്‍മ്മനി പങ്കെടുക്കില്ലെന്ന് ഷ്രോഡര്‍ വ്യക്തമാക്കി. ഷിറാകും ഷ്രോഡറും ജര്‍മ്മനിയില്‍ രണ്ടു മണിക്കൂര്‍ നേരം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ അഭിപ്രായങ്ങള്‍ അറിയിച്ചത്. എന്നാല്‍ അതേ സമയം യുഎസ് പ്രസിഡന്റ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും യുഎസില്‍ കൂടിക്കാഴ്ച നടത്തുകയാണ്. ഇറാഖിനെതിരായ ആക്രമണത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ അകന്നുകൊണ്ടിരിക്കുകയാണ്. ഇറാഖിനെ ആക്രമിച്ച് സദ്ദാമിനെ പുറത്താക്കുക എന്ന യുഎസ് തീരുമാനത്തെ പിന്തുണയ്ക്കാനുള്ള നീക്കത്തിലാണ് ടോണി ബ്ലെയര്‍.


Click it and Unblock the Notifications