മഞ്ഞനിക്കരയില്‍ വിശ്വാസികള്‍ ഏറ്റുമുട്ടി
പത്തനംതിട്ട: ഓര്‍ത്തഡോക്സ്- പാത്രിയാര്‍ക്കീസ് വിഭാഗങ്ങള്‍ തമ്മില്‍ മഞ്ഞനിക്കരയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട്വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.
ഗുരുതരമായി പരിക്കേറ്റ ഓര്‍ത്തഡോക്സ് പക്ഷത്തിലെ ലിജു മാത്യുവിനെ (20) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാത്രിയാര്‍ക്കീസ് വിഭാഗത്തിലെ കെ.ജെ. ഡാനിയേല്‍, റോയ് മാത്യു എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പീലി എന്ന വഴിയാത്രക്കാരനെയും ഒരു സ്വകാര്യ ആശുപത്രിയിലാക്കി. മഞ്ഞനിക്കര മോര്‍ ഇാത്യോസ് ദയറയ്ക്ക് സമീപം വച്ചാണ് ഇരുക്രിസ്തീയ വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്.
സപ്തംബര്‍ 15ന് ഓര്‍ത്തഡോക്സ് വിഭാഗം കതോലിക്കാബാവയ്ക്ക് നല്കുന്ന സ്വീകരണത്തിന് മുന്നോടിയായി മലങ്കര ഓര്‍ത്തഡോക്സ് യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച വിശ്വാസപ്രഖ്യാപനറാലി മഞ്ഞനിക്കരയില്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പാത്രിയാര്‍ക്കീസ് വിഭാഗത്തിലെ പുരോഹിതരുള്‍പ്പെടെയുള്ളവര്‍ വിശ്വാസപ്രഖ്യാപനറാലിയ്ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു.
എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗം മഞ്ഞനിക്കരയിലെ മാര്‍ ഇഗ്നാത്യോസ് ദയറയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് പാത്രിയാര്‍ക്കീസ് വിഭാഗം നല്കുന്ന വിശദീകരണം. കല്ലേറിനെത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ പൊരിഞ്ഞ തെരുവുയുദ്ധം നടന്നു. നാല് പേര്‍ക്ക് പരിക്കുപറ്റി.
പിന്നീട് ഇരുപക്ഷത്തെയും പുരോഹിതര്‍ പൊലീസ് മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്സ്പ്രകടനം പുനരാരംഭിച്ചു. വിശ്വാസപ്രഖ്യാപന റാലി വാഴമുട്ടം സെന്റ് ബെഹെനാന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സമാപിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് പത്തനംതിട്ടജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇരുവിഭാഗവും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.












Click it and Unblock the Notifications