കശ്മീര്‍ നിയമമന്ത്രിയെ വെടിവച്ചു കൊന്നു
ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയമമന്ത്രി മുഷ്താക് അഹമ്മദ് ലോണിനെ ഭീകരര്‍ വെടിവച്ചു കൊന്നു. കശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് ലോണ്‍ കൊല്ലപ്പെട്ടത്. സെപ്തംബര്‍ 11 ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ആക്രമണം.
ബുര്‍ഖ ധരിച്ച ഒരു സ്ത്രീയുടെ വേഷത്തിലാണ് തീവ്രവാദിഎത്തിയത്. സ്ത്രീകളുടെ ഇടയില്‍ ഇരുന്ന തീവ്രവാദി ആദ്യം ഗ്രനേഡ് എറിയുകയും പിന്നിട് വേദിയിലേയ്ക്ക് വെടിവയ്ക്കുകയും ചെയ്തു.
ഇതിനൊപ്പം സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് തീവ്രവാദികളും വെടിവച്ചു. ഈ വെടിവയ്പിലാണ് ലോണ്‍ മരിച്ചത്.
ശ്രീനഗറിന് 110 കിലോമീറ്റര്‍ അകലെ കുപ്വാര ജില്ലയിലെ ലാല്‍വോരാ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു ലോണ്‍.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലഷ്കര്‍ എ തോയിബ ഏറ്റെടുത്തിട്ടുണ്ട്. കശ്മീരിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഭീകരര്‍ കഴിഞ്ഞയാഴ്ച കൊലപ്പെടുത്തിയിരുന്നു. കശ്മീര്‍ ജനതയെ ഭയപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കുന്നതിനായാണ് ഭീകരര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്.
അടിയന്തിരസാഹചര്യം പ്രമാണിച്ച് കശ്മീര്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ക്കെല്ലാം ബുള്ളറ്റ് പ്രൂഫ് ഹെല്‍മറ്റ് വിതരണം ചെയ്തിട്ടുണ്ട്












Click it and Unblock the Notifications