മന്ത്രിമാരുടെ പരസ്യ പ്രസ്താവന ശരിയല്ല
തിരുവനന്തപുരം: മന്ത്രിമാര്‍ കൂട്ടുത്തരവാദിത്തമില്ലാതെ പരസ്യ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ഒരു സര്‍ക്കാരിനും പാര്‍ട്ടിക്കും കൂട്ടുത്തരവാദിത്ത ബോധമില്ലാതെ മന്ത്രിമാര്‍ പരസ്യപ്രസ്താവന നടത്തുന്നത് ഗുണം ചെയ്യില്ല. സപ്തംബര്‍ 11 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൈദ്യുതി നിരക്ക് പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യം നേരിടുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് മന്ത്രിസഭ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
മന്ത്രി കെ. വി. തോമസിനെതിരായ വ്യാജ ഇന്റലിജന്‍സ് രേഖയെ കുറിച്ചുള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. സത്യം എന്തെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ട്. അന്വേഷണ സംഘം തന്നെ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ശോഭനാ ജോര്‍ജ് എം എല്‍ എ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
അന്വേഷണം എങ്ങനെയാണ് പീഡനമാവുന്നത്? അന്വേഷണത്തിലൂടെ സത്യം പുറത്തുവരണം. അന്വേഷണം നടക്കുന്നതിനിടയില്‍ ശോഭനാ ജോര്‍ജിനെ വിളിച്ച് ഇതുസംബന്ധിച്ച് താന്‍ ചര്‍ച്ച ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.
ചില സംഘടനകളെ മതമൗലികവാദ സംഘടനകളായി മുദ്രകുത്തുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ല. ഇതുസംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്.
സി പി എം നടത്തുന്ന ജയില്‍ നിറക്കല്‍ സമരം ജനാധിപത്യ വിരുദ്ധമാണെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications