വീരപ്പന്‍ വേട്ട: കരിമ്പൂച്ചകള്‍ മടങ്ങി
ബാംഗ്ലൂര്‍: വീരപ്പന്‍ വേട്ടയ്ക്കായി ദില്ലിയില്‍ നിന്നെത്തിയ ദേശീയസുരക്ഷിതസേനയിലെ കരിമ്പൂച്ചകള്‍ മടങ്ങിപ്പോയി. ഇതോടെ വീരപ്പനെ പിടികൂടാമെന്ന പ്രതീക്ഷകള്‍ക്ക് ഒരു തിരിച്ചടി കൂടിയായി. വീരപ്പനെതിരായ പ്രത്യേക ദൗത്യസേനയുടെ തിരച്ചില്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കരിമ്പൂച്ചകളുടെ മടക്കയാത്ര.
മടക്കയാത്രയ്ക്ക് മുമ്പ് കര്‍ണ്ണാടകത്തിലെ പ്രത്യേക ദൗത്യസേനയ്ക്കുനേരെ പരിഹാസത്തിന്റെ ഒളിയമ്പുകള്‍ തൊടുത്തുവിടാന്‍ കരിമ്പൂച്ചകളുടെ സംഘത്തിന്റെ ചുമതലയുള്ള ബ്രിഗേഡിയര്‍ രാജ് സീതാപതി മറന്നില്ല. കര്‍ണ്ണാടകത്തിലെ പ്രത്യേക ദൗത്യസേന വീരപ്പന്റെ യഥാര്‍ത്ഥഒളികേന്ദ്രം കണ്ടെത്തുന്നതുവരെ ഇവിടെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ബ്രിഗേഡിയര്‍ രാജ് സീതാപതിയുടെ പരിഹാസം. കഴിഞ്ഞ ദിവസം വീരപ്പന്റെ ഒളികേന്ദ്രം കണ്ടെത്തിയതായി കര്‍ണ്ണാടകത്തിലെ പ്രത്യേകദൗത്യസേന നല്കിയ തെറ്റായ വിവരത്തെക്കുറിച്ച് പരിഹസിക്കുകയായിരുന്നു ബ്രിഗേഡിയര്‍.
കഴിഞ്ഞ ദിവസം വീരപ്പന്റെ ഒളികേന്ദ്രം കണ്ടെത്തിയതായി പ്രത്യേകദൗത്യസേന നല്കിയ വിവരം അനുസരിച്ച് കരിമ്പൂച്ചകള്‍ തീവ്രമായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഈ വിവരം തെറ്റായിരുന്നതിനാല്‍ കരിമ്പൂച്ചകളുടെ തിരച്ചില്‍ ദൗത്യം വിഫലമായി. ഇത് കരിമ്പൂച്ചകളും പ്രത്യേകദൗത്യസേനയും തമ്മില്‍ അഭിപ്രായഭിന്നതയ്ക്ക് ഇടവരുത്തിയിരുന്നു.
വീരപ്പന് വേണ്ടിയുള്ള തിരച്ചില്‍ദൗത്യത്തിനല്ല മറിച്ച് വീരപ്പനെ പിടികൂടാനുള്ള തീവ്രവദൗത്യവുമായാണ് കരിമ്പൂച്ചകള്‍ ഇവിടെയെത്തിയതെന്ന് കരിമ്പൂച്ചകളുടെ ചുമതലയുള്ള ബ്രിഗേഡിയര്‍ രാജ് സീതാപതി പറഞ്ഞു. വീരപ്പന്റെ ഒളികേന്ദ്രം സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിച്ചാല്‍ വീണ്ടും മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. 150 പേരടങ്ങിയ കരിമ്പൂച്ചകളുടെ സംഘം കഴിഞ്ഞയാഴ്ചയാണ് വീരപ്പന്‍ വേട്ടയില്‍ പ്രത്യേകദൗത്യസേനയെ സഹായിക്കാന്‍ ദില്ലിയില്‍ നിന്നും കര്‍ണ്ണാടകത്തില്‍ എത്തിയത്.












Click it and Unblock the Notifications