ഐടി കമ്പനി തുടങ്ങാന്‍ നല്ലത് കൊച്ചി
ദില്ലി: വിവര സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള കമ്പനികള്‍ തുടങ്ങാന്‍ പറ്റിയ നഗരം കൊച്ചിയെന്ന് പഠനം.
നാഷണല്‍ അസോസിയേഷന്‍ ഒഫ് സോഫ്റ്റ്വേര്‍ ആന്റ് സര്‍വീസസ് കമ്പനിയും (നാസ്കോം) വിപണി ഗവേഷണ കമ്പനിയായ നെറ്റ്സ്ക്രൈബ്സും നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള രാജ്യത്തെ മികച നഗരങ്ങളില്‍ കൊച്ചിയ്ക്ക് രണ്ടാം സ്ഥാനം കിട്ടിയത്.
വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സര്‍വീസിന് അനുയോജ്യമായ രാജ്യത്തെ രണ്ടാമത്തെ നഗരമാണ് കൊച്ചിയെന്നാണ് പഠനത്തില്‍ പറയുന്നത്.
വൈദ്യുതി, ബാന്‍ഡ്വിഡ്ത്, നഗര ഗതാഗതം എന്നീ അടിസ്ഥാന സൗകര്യങ്ങളിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് കൊച്ചിയെ രണ്ടാം സ്ഥാനത്തെത്തിച്ചതെന്ന് പഠനത്തില്‍ പറയുന്നു. കടലിനടിയിലൂടെ കൊച്ചിയില്‍ എത്തുന്ന രണ്ട് കേബിളുകളാണ് കൊച്ചിയ്ക്ക് പ്രാധാന്യം ഉണ്ടാക്കിക്കൊടുത്തത്. സീ മി വി, സേഫ് എന്നീവയാണ് ഈ കേബിളുകള്‍. ഇത് കൊച്ചിയിലേയ്ക്കും കൊച്ചിയില്‍ നിന്നുമുള്ള വിവര വിനിമയ സൗകര്യവും വേഗതയും കൂട്ടുന്നു. ഇക്കാര്യങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനമാണ് കൊച്ചിയ്ക്ക്. ഒന്നാം സ്ഥാനം മുംബൈയ്ക്കാണ്.
കാള്‍ സെന്റര്‍, മെഡിയ്ക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, ബിസിനസ് പ്രേസസ് ഔട്ട് സോഴ്സിംഗ് (ബി പി ഒ) എന്നിവയാണ് പ്രധാന വിവര സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായങ്ങള്‍.
സര്‍വെ അനുസരിച്ച് ഹൈദരാബാദിനാണ് ഒന്നാം സ്ഥാനം. ചെന്നൈ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിന് ആറാം സ്ഥാനമേയുള്ളൂ.
പഠനത്തില്‍ പറയുന്ന മികച്ച ഐടി നഗരങ്ങളിവയാണ്: ഹൈദരാബാദ്, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂര്‍, മുംബൈ, എന്‍ സി ആര്‍ (ദുബായ്, ദില്ലിയ്ക്ക് സമീപത്തുള്ള നൊയ്ദ, ഗുര്‍ഗാവ്), പൂന.












Click it and Unblock the Notifications