35 ഉല്പന്നങ്ങളുടെ പാറ്റന്റ് തേടി: പുഷ്പാംഗദന്‍
തിരുവനന്തപുരം: പച്ചില മരുന്നുകളും ജനിതകഉല്പന്നങ്ങളുമുള്‍പ്പെടെ 35ല്‍പരം ഉല്പന്നങ്ങളുടെ പാറ്റന്റിന് നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (എന്‍ബിആര്‍ഐ) അപേക്ഷ നല്കിയതായി ഡയറക്ടര്‍ ഡോ. പുഷ്പാംഗദന്‍ പറഞ്ഞു. സപ്തംബര്‍ 13 വെള്ളിയാഴ്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു പുഷ്പാംഗദന്‍. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കുള്ളിലാണ് ലഖ്നോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇത്രയും ഉല്പന്നങ്ങള്‍ക്ക് പാറ്റന്റ് തേടിയത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ഉല്പന്നങ്ങളുടെ നിര്‍മ്മാണരഹസ്യം യുഎസിലെ ഒരു ബഹുരാഷ്ടക്കമ്പനിയുള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്ക് ഈ സ്ഥാപനം കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആറ് നിര്‍മ്മാണവിദ്യകളെങ്കിലും കൈമാറാന്‍ എന്‍ബിആര്‍ഐ ഉദ്ദേശിക്കുന്നതായും പുഷ്പാംഗദന്‍ വ്യക്തമാക്കി.
ജൈവസാങ്കേതികവിദ്യ, പച്ചമരുന്ന് സാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ കേരളത്തിന് നിര്‍ണ്ണായകപങ്ക് വഹിക്കാന്‍ കഴിയും. ആധുനികലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മേഖലകളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഭൗമ ഉച്ചകോടിയില്‍ താന്‍ വികസിപ്പിച്ചെടുത്ത കാണി മാതൃകയ്ക്ക് ഇക്വേറ്റര്‍ ഇനീഷ്യേറ്റീവ് പുരസ്കാരം ലഭിച്ചതായും പുഷ്പാംഗദന്‍ അറിയിച്ചു. (ഗോത്രവര്‍ഗ്ഗക്കാരായ കാണി സമുദായക്കാര്‍ നല്‍കിയ ചില പച്ചിലമരുന്നുകളുടെ നിര്‍മ്മാണരഹസ്യം മരുന്നുനിര്‍മ്മാണക്കമ്പനികള്‍ക്ക് വിറ്റപ്പോള്‍ ലാഭവീതത്തില്‍ ഒരു പങ്ക് കാണിസമുദായത്തിന് കൂടി കിട്ടത്തക്കവിധത്തില്‍ കരാര്‍ ഉണ്ടാക്കുന്നതിന് മുന്‍കയ്യെടുത്തത് അന്ന് തിരുവനന്തപുരം പാലോട്ടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടറായ ഡോ. പുഷ്പാംഗദനായിരുന്നു. ഈ കരാറാണ് അദ്ദേഹം വികസിപ്പിച്ചെടുത്ത കാണി മാതൃക).












Click it and Unblock the Notifications