വീരപ്പന്‍ ആവശ്യപ്പെട്ടവരെ മധ്യസ്ഥരാക്കില്ല
ബാംഗ്ലൂര്‍: മധ്യസ്ഥരെന്ന നിലയ്ക്ക് കാട്ടിലേക്കയക്കാന്‍ വീരപ്പന്‍ ആവശ്യപ്പെട്ട രണ്ടുപേരെയും കാട്ടിലേക്കയക്കില്ലെന്ന് കര്‍ണ്ണാടകം. തമിഴ് തീവ്രവാദി കൊളത്തൂര്‍ മണിയെയോ തമിഴ് ദേശീയ നേതാവ് പി. നെടുമാരനെയോ കാട്ടിലേക്കയക്കണമെന്നാണ് വീരപ്പന്‍ കാസെറ്റ് വഴി കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന കൊളത്തൂര്‍ മണിയെ മധ്യസ്ഥദൗത്യത്തിന് അയയ്ക്കുന്ന പ്രശ്നമില്ലെന്ന് കര്‍ണ്ണാടകത്തിലെ ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സപ്തംബര്‍ 14 ശനിയാഴ്ച വാര്‍ത്താലേഖകരോട് വ്യക്തമാക്കി. രഹസ്യമായി കൊളത്തൂര്‍ മണിയെ ദൂതനായി അയയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള വാര്‍ത്ത ഖാര്‍ഗെ നിഷേധിച്ചു.
ജയിലില്‍ കഴിയുന്ന ആളുകളെ മധ്യസ്ഥത ശ്രമത്തിന് അയയ്ക്കുന്നത് നല്ല കീഴ്വഴക്കമല്ല. കൊളത്തൂര്‍ മണിയ്ക്കെതിരെ കര്‍ണാടകത്തിലും തമിഴ്നാട്ടിലും കേസുകള്‍ നിലവിലുണ്ട്. - ഖാര്‍ഗെ പറഞ്ഞു. നേരത്തെ കന്നട നടന്‍ രാജ്കുമാറിന്റെ മോചനത്തിനായി പി. നെടുമാരനോടൊപ്പം മധ്യസ്ഥശ്രമത്തില്‍ പങ്കെടുത്ത വ്യക്തിയാണ് കൊളത്തൂര്‍ മണി. പക്ഷെ വീരപ്പന് ആയുധങ്ങള്‍ നല്കിയെന്ന കുറ്റത്തിനാണ് കൊളത്തൂര്‍ മണി പിന്നീട് അറസ്റിലായത്. എല്‍ടിടിഇയോട് അനുകൂലനിലപാട് പരസ്യമായി പ്രഖ്യാപിച്ച കുറ്റത്തിന് നെടുമാരനും അറസ്റിലായി.
പകരം വീരപ്പനും കര്‍ണ്ണാടകസര്‍ക്കാരിനും സമ്മതമുള്ള, വിശ്വസ്തരായ ആരെയെങ്കിലും മധ്യസ്ഥരെന്ന നിലയില്‍ കാട്ടിലേക്കയയ്ക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. കര്‍ണ്ണാടകത്തിലെ മുന്‍ മന്ത്രി എച്ച് . നാഗപ്പയെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയിട്ട് 21 ദിവസം കഴിഞ്ഞു.












Click it and Unblock the Notifications