കശ്മീരില്‍ മന്ത്രിയ്ക്കുനേരെ വധശ്രമം
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ടൂറിസം മന്ത്രി സക്കീന ഇട്ടൂവിനെതിരെ ഭീകരരുടെ വധശ്രമം. സപ്തംബര്‍ 15 ഞായറാഴ്ചയായിരുന്നു മന്ത്രിയ്ക്കെതിരെ വധശ്രമം നടന്നത്. അനന്ത്നാഗ് ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നീങ്ങുകയായിരുന്ന സക്കീന ഇട്ടുവിന്റെ അകമ്പടിവാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയും സ്ഫോടകവസ്തുക്കള്‍ വലിച്ചെറിയുകയും ചെയ്തു.
ആക്രമണത്തില്‍ നിന്നും സക്കീന ഇട്ടു രക്ഷപ്പെട്ടു. ഒരു സിപിആര്‍എഫ് സബ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടു. ഫാറൂഖ് അബ്ദുള്ള മന്ത്രിസഭയിലെ ഏകവനിതയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമാണ് സക്കീന ഇട്ടു.
ദാനെവ്-കാണ്ടിമാര്‍ഗിലേക്ക് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി കൂടിയായ സക്കീന. ഇട്ടുവിനെതിരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. കഴിഞ്ഞ ദിവസം ധംഹാല്‍ ഹന്‍ജിപോരയിലെ സക്കീനയുടെ വീടിന് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമം നടത്തിയിരുന്നു. ഇതില്‍ നാല് പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നൂറാബാദ് നിയോജകമണ്ഡലത്തില്‍ നിന്നാണ് സക്കീന ഇട്ടു വീണ്ടും മത്സരിക്കുന്നത്.












Click it and Unblock the Notifications