പെപ്സിയ്ക്കും കോക്കിനും എതിരെ സുപ്രീംകോടതി
ദില്ലി: ഹിമാചല്‍ പ്രദേശിലെ കുളു പ്രദേശത്തെ പാറക്കെട്ടുകളില്‍ പരസ്യമെഴുതിയതിന് പെപ്സിയും കൊക്കകോളയും രണ്ടു ലക്ഷം വീതം നഷ്ടപരിഹാരം നല്കണമെന്ന് സുപ്രീംകോടതി വിധിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം നല്കാനാണ് കോടതി വിധിച്ചത്.
ചീഫ് ജസ്റിസ് ബി.എന്‍. കൃപാല്‍,ജസ്റിസുമാരായ കെ.ജി. ബാലകൃഷ്ണന്‍, അരിജിത് പസായത് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ഇവിടുത്തെ പാറക്കെട്ടുകളില്‍ പരസ്യമെഴുതിയ മറ്റ് 10 കമ്പനികള്‍ ഒരു ലക്ഷം വീതം നല്കണമെന്നും കോടതി വിധിച്ചു.
ഈ കമ്പനികള്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന് സ്വാതന്ത്യ്രമുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു. കുളു, മണാലി, റോ ഹ്താങ് എന്നിവിടങ്ങളിലെ പാറക്കെട്ടുകളില്‍ കൂറ്റന്‍ പരസ്യങ്ങള്‍ എഴുതുക വഴി പരിസ്ഥിതി നാശമുണ്ടാക്കുന്നു എന്നതാണ് പെപ്സി, കൊക്കകോള എന്നീ കമ്പനികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ഇക്കാര്യം പരിശോധിക്കാന്‍ കോടതി ഒരു സംഘത്തെ അയയ്ക്കുകയും ചെയ്തു. പരിസ്ഥിതി നാശമുണ്ടാക്കുന്നതായി അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതിവിധി ഉണ്ടായത്.
എംബിഡി ബുക്സ്, ഫെന ഡിറ്റര്‍ജന്റ്സ്, ബിര്‍ല വൈറ്റ് സിമന്റ്, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്ലീപ്വെല്‍ മാട്രസസ്, നെസ്ലെ ഇന്ത്യ, അന്നപൂര്‍ണ്ണ ഹോട്ടല്‍സ് എന്നിവയാണ് കുറ്റക്കാരായ മറ്റ് കമ്പനികള്‍. ഇവിടങ്ങളില്‍ പരസ്യമെഴുതിയ മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്കും സംഘടകള്‍ക്കും വിശദീകരണം നല്കാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.












Click it and Unblock the Notifications