സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗം സപ്തംബര്‍ 16 തിങ്കളാഴ്ച ആരംഭിക്കുന്നു.
അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനുമായി ചില പാര്‍ട്ടി നേതാക്കള്‍ക്കുള്ള ബന്ധവും സി പി എമ്മിന്റെ ജയില്‍ നിറയ്ക്കല്‍ സമരവും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. സാധാരണ രണ്ട് ദിവസമാണ് സംസ്ഥാന കമ്മിറ്റി യോഗം. ഇത്തവണ മൂന്ന് ദിവസമാക്കിയത് കൂടുതല്‍ വിഷയങ്ങള്‍ കമ്മിറ്റിയ്ക്ക് ചര്‍ച്ച ചെയ്യാനുണ്ടെന്ന് സൂചിപ്പിക്കുന്നു.
മദ്യമാഫിയയുമായുള്ള ചില സി പി എം നേതാക്കള്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ച പിരപ്പന്‍കോട് മുരളി കമ്മിഷന്റെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി എം. സത്യനേശനടക്കം 21 പേര്‍ മണിച്ചനുമായി ഇടപാട് നടത്തിയെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ പറ്റി യോഗത്തില്‍ ചര്‍ച്ചയുണ്ടാവുമെന്നാണ് കരുതുന്നത്.
ജയില്‍ നിറയ്ക്കല്‍ സമരം പാര്‍ട്ടി പ്രവര്‍ത്തകരില്‍ പുതിയ ആവേശം നിറച്ചുവെന്നാണ് വിലയിരുത്തല്‍. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിംഗ് യോഗത്തിലുണ്ടാവും. പി ബി അംഗീകരിച്ച ട്രേഡ് യൂണിയന്‍ രേഖ കേന്ദ്ര കമ്മിറ്റി തള്ളിയതിന്റെ കാരണം യോഗത്തില്‍ വിശദീകരിക്കും.












Click it and Unblock the Notifications