എസ്എന്‍ഡിപി സിപിമ്മുമായി ഇടയാനില്ല
കാസര്‍കോട്: സി പി എമ്മുമായി പരസ്യമായി ഇടയുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന് കാസര്‍കോട് ജില്ലയിലെ എസ് എന്‍ ഡി പി ഘടകം തീരുമാനിച്ചു.
സി പി എമ്മുമായി ഇടയുന്നത് സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് എസ് എന്‍ ഡി പി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരസ്യമായ ഏറ്റുമുട്ടല്‍ സി പി എമ്മുമായി വേണ്ടെന്ന് തീരുമാനിച്ച ജില്ലാ നേതൃത്വം കാസര്‍കോട്ട് വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന പൊതുയോഗം വേണ്ടെന്നുവെക്കുകയും ചെയ്തു.
ജില്ലയില്‍ എസ് എന്‍ ഡി പിയുമായി സി പി എം പരസ്യമായി ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ നേരത്തെയുണ്ടായിരുന്നു. കൊടക്കാടിനടുത്ത് ഓലാട്ട് എസ് എന്‍ ഡി പി യോഗം സംഘടിപ്പിക്കുന്നതിനെതിരെ സി പി എം ഭീഷണിയുയര്‍ത്തിയപ്പോള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കൊടക്കാട്ടും പരിസരങ്ങളിലും ശ്രീനാരായണ ജയന്തിയോട് അനുബന്ധിച്ച് എസ് എന്‍ ഡി പി ആഘോഷപരിപാടികളുടെ ഭാഗമായി ഒരുക്കിയ കൊടിതോരങ്ങള്‍ സി പിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ക്കുകയും ചെയ്തു.
എസ് എന്‍ ഡി പിയുടെ വളര്‍ച്ച തങ്ങള്‍ക്ക് ഭീഷണിയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സി പി എം ഇത്തരം നീക്കങ്ങള്‍ നടത്തിയത്. സി പി എം ഇത്തരം നിലപാട് സ്വീകരിച്ചതോടെ എസ് എന്‍ ഡി പിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സി പി എം പ്രവര്‍ത്തകരും സമീപനം മാറ്റി.
പാര്‍ട്ടിയുമായി ഇടയാനാണ് ഒരുക്കമെങ്കില്‍ തങ്ങള്‍ സഹകരിക്കില്ലെന്ന് സി പി എം പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ് എന്‍ ഡി പി നേതൃത്വം നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത്.
സി പി എമ്മിനെതിരായ പരസ്യ പ്രസ്താവനകളില്‍ നിന്ന് എസ് എന്‍ ഡി പി ജില്ലാ നേതാക്കള്‍ പിന്മാറിയിട്ടുണ്ട്.












Click it and Unblock the Notifications