അപ്പീല്‍ പോകുമെന്ന് സത്യനേശന്‍
തിരുവനന്തപുരം: തന്നെ പുറത്താക്കിയ പാര്‍ട്ടി നടപടിയ്ക്കെതിരെ അപ്പീല്‍പോകുമെന്ന് മുന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സത്യനേശന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാനസമിതിയോഗമാണ് മണിച്ചനില്‍ നിന്ന് സ്വകാര്യ ആവശ്യത്തിന് പണം വാങ്ങിയെന്ന കുറ്റത്തിന് സത്യനേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
മുന്‍പും പല നേതാക്കള്‍ക്കും എതിരെ സിപിഎം ഇതുപോലെ അച്ചടക്കനടപടി എടുത്തിട്ടുണ്ട്. പക്ഷെ അവരില്‍ പലരും ഒരിടക്കാലത്തിന് ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഇതുപോലെ മടങ്ങിവരാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നതായും സത്യനേശന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അഭിപ്രായം പറയില്ല. കാരണം എന്നെ ഈ നിലയിലെത്തിച്ചത് പാര്‍ട്ടിയാണ്. - സത്യനേശന്‍ പറഞ്ഞു.
അതേ സമയം സത്യനേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയുടെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് പാര്‍ട്ടി. സത്യനേശന് ഉറച്ച വേരുകളുള്ള നാടാര്‍ സമുദായത്തില്‍ നിന്നും തിരിച്ചടികിട്ടിയേക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി തിരുവനന്തപുരം ജില്ലാസെക്രട്ടറിയായിരുന്ന സത്യനേശന് പാര്‍ട്ടി അണികള്‍ക്കിടയില്‍ ശക്തമായ അടിത്തറയുണ്ട്.
പക്ഷെ പാര്‍ട്ടിയുമായി ഒരു യുദ്ധത്തിനില്ലെന്ന സത്യനേശന്‍ വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പുറത്താക്കല്‍ നടപടി പാര്‍ട്ടിയെ ക്ഷീണിപ്പിക്കില്ലെന്ന് കരുതുന്നു. മാത്രമല്ല, മണിച്ചനില്‍ നിന്ന് ഗള്‍ഫില്‍ ജയിലിലായ മരുമകനെ മോചിപ്പിക്കാന്‍ 45 ലക്ഷം രൂപ പറ്റിയെന്ന കുറ്റം ചെറുതല്ലെന്ന് പാര്‍ട്ടി അണികളും കണക്കാക്കുന്നു.












Click it and Unblock the Notifications