മന്ത്രിസഭ പുനസംഘടന വേണമെന്ന് ഐ ഗ്രൂപ്പ്
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിയ്ക്കണമെന്ന് ഐഗ്രൂപ്പ് ആവശ്യപ്പെടും.
ഈ ആവശ്യമായി 26 എം എല്‍ മാര്‍ മുഖ്യമന്ത്രിയെ കാണാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. സെപ്തംബര്‍ 19 വ്യാഴാഴ്ച കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം എടുത്തത്. എന്നാണ് മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിയ്ക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല.
മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുള്ളതുകൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ ദേശീയ പ്രസിഡണ്ട് സോണിയാ ഗാന്ധിയെ കണ്ട് അറിയിച്ചിട്ടുണ്ട്. കശ്മീര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിഹരിയ്ക്കാമെന്നാണ് എ ഐ സി സി യുടെ തീരുമാനം. അതുകൊണ്ട് അതുവരെ കാത്തിരിയ്ക്കാനും യോഗം തീരുമാനിച്ചു. കശ്മീര്‍ തിരഞ്ഞെടുപ്പിന് ശേഷവും പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ എന്താണ് വേണ്ടതെന്ന് അപ്പോള്‍ തീരുമാനിയ്ക്കും.
കെ കരുണാകരന്റെ പ്രവര്‍ത്തനം കേരളത്തില്‍ തന്നെ വേണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കരുണാകരന്‍ പ്രവര്‍ത്തനം ദേശീയതലത്തില്‍ മാത്രമാക്കണമെന്ന് ഈയിടെ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു മറുപടിയാണ് ഈ തീരുമാനം എന്നുവേണം കരുതാന്‍.
ഐ ഗ്രൂപ്പ് നേതാക്കളായ പത്മജ, വി എസ് ശിവകുമാര്‍ എം പി, എം പി ഗംഗാധരന്‍, പി പി തങ്കച്ചന്‍ എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
അടുത്ത മാസം അഞ്ചിനും 15 നും ഇടയ്ക്ക് വീണ്ടും ഐ ഗ്രൂപ്പ് യോഗം ചേരും.












Click it and Unblock the Notifications