തമിഴ്നാടിന് വെള്ളം നല്കണം: കേന്ദ്രം
ചെന്നൈ: കാവേരി നദീജലം തമിഴ്നാടിന് നല്കണമെന്ന് കേന്ദ്രം കര്‍ണ്ണാടകത്തോട് ആവശ്യപ്പെട്ടു. ഈ നിര്‍ദേശമടങ്ങിയ ഒരു ഔദ്യോഗികകത്ത് കേന്ദ്രം കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണയ്ക്ക് അയച്ചിട്ടുണ്ട്.
എന്നാല്‍ കത്ത് കിട്ടിയിട്ടില്ലെന്ന് കര്‍ണ്ണാടകം അറിയിച്ചു. തമിഴ്നാടിന് വെള്ളംകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കബനി നദീജലസംഭരണിയില്‍ ഒരാള്‍ ആത്മാഹുതി ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് തമിഴ്നാടിനുള്ള ജലവിതരണം കുറച്ചുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്നതിനാലാണ് കര്‍ണാടകം ഈ തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി എസ് എം കൃഷ്ണ പറഞ്ഞിരുന്നു.
എന്നാല്‍ കര്‍ണ്ണാടകത്തിന്റെ ഈ നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് നല്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുകയാണ്. ക്രമസമാധാന നില നിയന്ത്രിയ്ക്കാനാവില്ലെന്ന് പറയുന്ന സര്‍ക്കാരിന്‍ പിരിച്ച് വിടണമെന്നും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറയുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി തമിഴ്നാടിന് ജലം നല്കാന്‍ കേന്ദ്രം കര്‍ണ്ണാടകയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രിംകോടതി വിധിയനുസരിച്ച് കഴിഞ്ഞ ഏതാനും ദിവസമായി കര്‍ണ്ണാടകം തമിഴ്നാടിന് ജലം നല്കിവരികയായിരുന്നു. എന്തായാലും കാവേരി നദീജനതര്‍ക്കം സംസ്ഥാനങ്ങള്‍ തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണ്.
ഇരു മുഖ്യമന്ത്രിമാരും ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നാലോചിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. എന്നാല്‍ തമിഴ്നാട്ടില്‍ സര്‍വകക്ഷിയോഗത്തില്‍ പ്രധാനപ്രതിപക്ഷകക്ഷിയായ ഡിഎംകെ പങ്കെടുക്കുന്നില്ല. ഇത് കാവേരിപ്രശ്നത്തിന്റെ പേരില്‍ തമിഴ്നാടിനെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള ജയലളിതയുടെ ശ്രമത്തിനുള്ള തിരിച്ചടിയാണ്.
അതേ സമയം കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ സപ്തംബര്‍ 20 വെള്ളിയാഴ്ച പ്രധാനമന്ത്രിയെക്കാണാന്‍ ദില്ലിയ്ക്ക് തിരിച്ചു. സപ്തംബര്‍ 21 ശനിയാഴ്ചയാണ് കര്‍ണ്ണാടകം സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. മഴ ചതിച്ചതിനാല്‍ കാവേരി ജലം വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് കര്‍ണ്ണാടകത്തിലെ കര്‍ഷകര്‍ പറയുന്നു. രാജസ്ഥാന്‍ കഴിഞ്ഞാല്‍ ഇക്കുറി ഏറ്റവുമധികം വരള്‍ച്ച ബാധിച്ച സംസ്ഥാനം കര്‍ണ്ണാടകയാണെന്ന് മുഖ്യമന്ത്രി കൃഷ്ണയും അഭിപ്രായപ്പെടുന്നു.
അതേ സമയം വരള്‍ച്ചകൊണ്ട് തകര്‍ന്ന തമിഴ്നാടിനെ രക്ഷിക്കാന്‍ കാവേരി ജലം അത്യാവശ്യമാണെന്ന് ജയലളിത അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications