ശോഭനയും അനിലും കണ്ടെന്ന് മൊഴി
തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജ് എംഎല്‍എയും സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരും നിയമസഭാ കാന്റീനില്‍ സംസാരിക്കുന്നത് കണ്ടെന്ന് വാര്‍ത്താലേഖകന്‍ കോടതിയില്‍ മൊഴി നല്കി. എന്‍ഡിടിവി ബ്യൂറോ ചീഫ് ബോബി നായരാണ് കഴിഞ്ഞ ദിവസം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി മൊഴി നല്കിയത്.
ശോഭനാ ജോര്‍ജ്ജ് എംഎല്‍എയും അനില്‍നമ്പ്യാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ തിന് സാക്ഷിയായ എല്ലാ വാര്‍ത്താലേഖകരുടെയും മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് ഉദ്ദേശ്യമുണ്ട്. കേസില്‍ പ്രധാന തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വാര്‍ത്താലേഖകരുടെ മൊഴിയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു.
മന്ത്രി തോമസിന് വ്യാജരേഖാക്കേസില്‍ ബന്ധമുണ്ടെന്ന വാര്‍ത്ത സൂര്യാ ടിവി സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ശോഭനാ ജോര്‍ജ്ജും അനില്‍നമ്പ്യാരും തമ്മില്‍ കണ്ടതിന് സാക്ഷിയാണെന്ന് ബോബി നായര്‍ നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നല്കിയിരുന്നു. ജൂണ്‍ 24ന് രാവിലെ 10.30 ഓടെ നിയമസഭാ കാന്റീനില്‍ എത്തുമ്പോള്‍ ശോഭനാ ജോര്‍ജ്ജും അനില്‍ നമ്പ്യാരും മാറിനിന്ന് രഹസ്യമായി സംസാരിക്കുന്നത് കണ്ടെന്നാണ് ബോബി നായര്‍ പറഞ്ഞത്.
20 മിനിറ്റിന് ശേഷം അനില്‍ നമ്പ്യാര്‍ തന്റെ അടുത്ത്വന്നെന്നും ചേട്ടാ ഒരു ബോംബുണ്ട്. ഞാന്‍ ഇന്ന് രാത്രി ഒരു മന്ത്രിയ്ക്കെതിരെ റിപ്പോര്‍ട്ട് അടിക്കും എന്ന് പറഞ്ഞെന്നും ബോബി നായര്‍ പറയുന്നു. ഏതു മന്ത്രിയ്ക്കെതിരെ എന്ന് ചോദിച്ചപ്പോള്‍ വൈകുന്നേരത്തെ വാര്‍ത്ത കണ്ടോളൂ എന്നായിരുന്നു അനില്‍ നമ്പ്യാരുടെ മൊഴിയെന്നും ബോബി നായര്‍ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ബോബി നായരെ വിളിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മജിസ്ട്രേറ്റ് നിക്സണ്‍ എം. ജോസഫിന്റെ ചേംബര്‍ മുമ്പാകെയാണ് ബോബി നായര്‍ മൊഴി നല്കിയത്.












Click it and Unblock the Notifications