കുടുംബസംഗമത്തിന് രാഷ്ട്രപതിയുടെ പ്രശംസ
തിരുവനന്തപുരം: കുടുംബ സംഗമം പദ്ധതി കേരളത്തില്‍ നടപ്പിലാക്കാനുള്ള നീക്കത്തെ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രകീര്‍ത്തിച്ചു.
ദേശീയ തലത്തില്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ ആരായാനായി ഈ പദ്ധതി ആസൂത്രണ കമ്മിഷന്റെ പരിഗണനയില്‍ കൊണ്ടുവരുമെന്ന് രാഷ്ട്രപതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ളയെ അറിയിച്ചു.
ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് പകരം ഓരോ കുടുംബത്തെയും ഉത്പാദന യൂണിറ്റുകളായി മാറ്റുകയാണ് കുടുംബസംഗമം പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരു കോടി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
30 മേഖലകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു യൂണിറ്റില്‍ 25 കുടുംബങ്ങളുണ്ടാവും. സര്‍ക്കാര്‍ ഐടി, കൃഷി, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളില്‍ പരിശീലനവും സാങ്കേതിക ഉപദേശവും നല്‍കും. വിപണിയില്‍ ഉത്പന്നങ്ങളെത്തിക്കുന്നതിനും സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കും.
പദ്ധതിയ്ക്കായി സര്‍ക്കാര്‍ 50 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും ബാക്കി വേണ്ട തുക കേന്ദ്രത്തില്‍ നിന്നും ആസൂത്രണ കമ്മിഷനില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications