മുരളിയെയും ഉമ്മന്‍ചാണ്ടിയെയും ദില്ലിയ്ക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് പുകയുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും ദില്ലിയിലെത്താന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടു.
സപ്തംബര്‍ 25 ബുധനാഴ്ച ദില്ലിയിലെത്താനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയാഗാന്ധിയുടെ നിര്‍ദേശ പ്രകാരം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയാണ് ഇരുവരെയും ദില്ലിയിലേക്ക് വിളിച്ചത്.
ബുധനാഴ്ച ഇരുവരുമായും ഹൈക്കമാന്റ് ചര്‍ച്ച നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രി എ. കെ. ആന്റണിയുമായും കെ. കരുണാകരനുമായും ഫോണില്‍ സംസാരിക്കും.
വിമത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. ജമ്മു കശ്മീരില്‍ പോയിരുന്ന അംബികാ സോണിയെ സപ്തംബര്‍ 21 വെള്ളിയാഴ്ച രാത്രി വിളിച്ചുവരുത്തി കേരളത്തിലെ പ്രശ്നത്തിന് പോംവഴി കാണാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സോണിയ ആവശ്യപ്പെടുകയായിരുന്നു.
അതിനിടെ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി മുരളീധരന്‍ ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ പ്രശ്നങ്ങളും ചര്‍ച്ചയില്‍ വിഷയമായി.












Click it and Unblock the Notifications