കേരളത്തിന് വികസനത്തിന് പണമില്ല
തിരുവനന്തപുരം: വികസനപദ്ധതികള്‍ക്ക് പണമില്ലാത്തതെ കേരളം വിഷമിക്കുന്നു. ഇതു മൂലം വാര്‍ഷികപദ്ധതി മൂന്നിലൊന്ന് വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ആസൂത്രണബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
നടപ്പു സാമ്പത്തികവര്‍ഷം വാര്‍ഷികപദ്ധതി അടങ്കല്‍ 3750 കോടിയാണ്. ഇതിന്റെ മൂന്നിലൊന്നായ 1200 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ ഈ തുകയുടെ നാലിലൊന്നായ 300 കോടി പഞ്ചായത്തുകള്‍ക്ക് കൊടുക്കേണ്ടതുണ്ട്. ഇതിനുള്ള സമയമായി. പക്ഷെ താപവൈദ്യുതിയുടെ അധികച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന സാഹചര്യത്തില്‍ ഈ തുക കൊടുക്കാന്‍ ബുദ്ധിമുട്ടാണ്.
മഴ ഇല്ലാത്തതുമൂലം താപവൈദ്യുതി വാങ്ങുന്ന വകയില്‍ 80 കോടി രൂപ സര്‍ക്കാര്‍ നല്കേണ്ടി വരുന്നുണ്ട്. എന്‍ടിപിസിയ്ക്ക് കൊടുക്കേണ്ട കുടിശിക തുകയായ 396 കോടി രൂപ കേന്ദ്രപദ്ധതിവിഹിതത്തില്‍ കുറവു ചെയ്യുമെന്ന ഭീഷണിയും നിലനില്ക്കുന്നു. ഇതില്‍ കഴിഞ്ഞ മൂന്നുമാസത്തെ താപവൈദ്യുതി വിലയായ 96 കോടി ഉടനെ കൊടുത്തേ മതിയാവൂ.
ഈ സാഹചര്യത്തില്‍ വാര്‍ഷികപദ്ധതി അടങ്കല്‍ 3750 കോടിയില്‍ നിന്ന് 2800 കോടിയായി ചുരുക്കേണ്ടിവരുമെന്നാണ് ആസൂത്രണബോര്‍ഡ് വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്. അതായത് വാര്‍ഷികപദ്ധതി മൂന്നിലൊന്നായി വെട്ടിച്ചുരുക്കേണ്ടിവരുമെന്നര്‍ത്ഥം.
ഇതു വരെ പദ്ധതിതുകയുടെ ഏകദേശം 11 ശതമാനം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ചെലവായിട്ടുള്ളത്. ബാക്കി 89 ശതമാനം ഇനിയുള്ള ആറ്മാസം കൊണ്ട് കൊടുക്കാന്‍ കഴിയുമെന്ന് ആസൂത്രണവിദഗ്ധര്‍ കരുതുന്നില്ല. ഇതോടെ കേരളത്തിന്റെ വികസനപ്രവര്‍ത്തനം പാടെ നിലയ്ക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications