സോപ്പ് കൊണ്ട് കൈ കഴുകിയാല്‍...
കോഴിക്കോട്: സോപ്പ് കൊണ്ട് കൈ കഴുകിയാല്‍ കേരളത്തിന് ശാപമായ അതിസാരത്തെ കെട്ടുകെട്ടിക്കാമെന്നത് ലോക ബാങ്കിന് ഒരു പുതിയ അറിവായിരുന്നു. മലയാളിയായ കെ. ജെ. മാത്യുവാണ് ഈ കണ്ടെത്തലിന് പിന്നില്‍. കേരളത്തിലെ ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ് മാത്യു.
2002 മെയ് 9,10 തീയതികളിലാണ് മാത്യു വാഷിംഗ്ടണില്‍ ലോകബാങ്ക് അധികൃതര്‍ക്ക് മുമ്പാകെ തന്റെ പഠനം അവതരിപ്പിച്ചത്. സോപ്പ് കൊണ്ട് കൈകഴുകിയാല്‍ 2005ഓടെ കേരളത്തിലെ അതിസാരം 80 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് മാത്യു കണ്ടെത്തി. ആവശ്യമായ സമയങ്ങളില്‍ സോപ്പ് കൊണ്ട് കൈകഴുകിയാല്‍ ഓരോ വര്‍ഷവും അതിസാരത്തിന് വേണ്ടി ചെലവഴിക്കുന്ന 45.12 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും മാത്യു പറയുന്നു.
മാത്യുവിന്റെ ഈ പഠനം ബോധ്യപ്പെട്ട ലോക ബാങ്ക് അതിസാരനിയന്ത്രണത്തിനുള്ള ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്യുവിനെ തന്നെയാണ് ഈ പദ്ധതിയുടെ ചുമതലയേല്പിച്ചിരിക്കുന്നത്. കേരളത്തില്‍ 14 ശതമാനം പേര്‍ മാത്രമേ സോപ്പ് കൊണ്ട് ആവശ്യമായ സമയങ്ങളില്‍ കൈകഴുകുന്നുള്ളൂ എന്നും മാത്യുവിന്റെ പഠനത്തില്‍ പറയുന്നു. ഇങ്ങിനെ കൈകഴുകാത്തവരുടെ ഇടയില്‍ അതിസാരം പടരാനുള്ള സാധ്യത അഞ്ചു മടങ്ങാണ്.
സോപ്പ് വില്പന വര്‍ധിപ്പിക്കാമെന്നതിനാല്‍ സോപ്പ് കമ്പനികളും ആരോഗ്യസംരക്ഷണത്തിനായി ചെലവാക്കുന്ന തുകയില്‍ നല്ലൊരു പങ്ക് ലാഭിക്കാമെന്നതിനാല്‍ സര്‍ക്കാരും ഈ പദ്ധതിയ്ക്ക് വേണ്ട സഹായങ്ങള്‍ നല്കിയിരുന്നു. കേരളത്തില്‍ എത്ര പേര്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നുണ്ടെന്നത് കൃത്യമായി കണ്ടെത്താന്‍ സര്‍വേ നടത്തിയതിന് മാത്രം 20 ലക്ഷം ചെലവഴിക്കേണ്ടിവന്നു.












Click it and Unblock the Notifications