ആക്രമണം നടത്തിയത് തെഹറീക് എ കസാസ്
ഗാന്ധിനഗര്‍: ഗാന്ധിനഗര്‍ അകഷര്‍ധാം സ്വാമി നാരായണ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ തെഹറീക് എ കസാസ് ഗുജറാത്ത് (ഗുജറാത്ത് അക്രമത്തിന് പ്രത്യാക്രമണം നടത്താനുളള സംഘടന) എന്ന സംഘടനയില്‍ പെട്ടവരാണെന്ന് കരുതുന്നു.
ഈ സംഘടനയുടെ പേരുള്ള ഒരു കടലാസില്‍ എഴുതിയ കത്ത് തീവ്രവാദികളുടെ പോക്കറ്റില്‍ നിന്ന് സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ഉറുദുവില്‍ എഴുതിയതായിരുന്നു ഈ കത്ത്. ഗോദ്രസംഭവത്തെതുടര്‍ന്ന് ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന് മറുപടിയാണ് ഈ ആക്രമണമെന്നായിരുന്നു കത്തില്‍ എഴുതിയിരുന്നത്. ഗുജറാത്ത് കലാപത്തില്‍ മരിച്ചവരുടെ ആത്മാവിന് ശാന്തി കിട്ടാനാണ് ഈ ആക്രമണം. ഗുജറാത്ത് കലാപത്തില്‍ സ്ത്രീകളും കുട്ടികളും മരിച്ചത് ഞങ്ങള്‍ക്ക് താങ്ങാനായില്ല. കത്തില്‍ പറയുന്നു.
ഗാന്ധിനഗര്‍ ജമാ മസ്ജിദിലെ മൗലാനാ ദാവൂദ് കൗസര്‍ അഷ്റാഫിയാണ് ദേശീയ സുരക്ഷാ സേനയ്ക്ക് വേണ്ടി കത്ത് വിവര്‍ത്തനം ചെയ്തത്. അക്ഷര്‍ധാമിലെ കമാന്റൊ ആക്രമണത്തിന് നേതൃത്ത്വം നല്‍കിയ ബ്രിഗേഡിയര്‍ രാജ് സീതാപതിയാണ് ഇത് വെളിപ്പെടുത്തിയത്.
20 - 25 ഗ്രനേഡുകള്‍ തീവ്രവാദികള്‍ ഉപയോഗിച്ചു. എ കെ 47 തോക്ക് ഉപയോഗിച്ച 180 വെടികളും അവര്‍ ഉതിര്‍ത്തതായി സുരക്ഷാസേന കരുതുന്നു. ഒസ്ട്രിയയില്‍ ഉണ്ടാക്കിയ പ്ലാസ്റിക്ക് ഗ്രനേഡുകളാണ് അവര്‍ ഉപയോഗിച്ചത്. ഇതേ ഗ്രനേഡുകളാണ് കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന തീവ്രവാദികളും ഉപയോഗിയ്ക്കുന്നത്.
സുബേദാര്‍ സുരേഷ് എന്ന ഭടനാണ് ആക്രമണത്തിനിടയില്‍ മരിച്ചതെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു.
25 വയസ്സ് തോന്നിയ്ക്കുന്നവരായിരുന്നു താടി വടിച്ച ഈ തീവ്രവാദികള്‍. ഇവരുടെ മൃതദേഹങ്ങള്‍ സുരക്ഷാ ഭടന്മാര്‍ മാദ്ധ്യമപ്രവര്‍ത്തകരെ കാണിച്ചു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ചാണ് സുരക്ഷാ ഭടന്മാര്‍ തീവ്രവാദികളുടെ പോക്കറ്റില്‍ നിന്ന് കത്ത് കണ്ടെടുത്തത്.
ഇവരുടെ കയ്യില്‍ ഈന്തപ്പഴവും, മിഠായിയും ഇന്ത്യന്‍ രൂപയും നാണയങ്ങളും ഉണ്ടായിരുന്നു.












Click it and Unblock the Notifications