കയറ്റുമതി: കൊച്ചിയിലെ കമ്പനികള്‍ക്ക് വിലക്ക്
കൊച്ചി: ചെമ്മിന്‍ കയറ്റുമതിയില്‍ പ്രമുഖരായ കേരളത്തിലെ ചോയ്സ് കാനിംഗ് കമ്പനി, ഇന്റഗ്രേറ്റഡ് റുബിയന്‍ എന്നീ കമ്പനികള്‍ക്ക് വിലക്ക്. കയറ്റുമതി പരിശോധനാ ഏജന്‍സി (ഇഐഎ) ആണ് വിലക്കേര്‍പ്പെടുത്തിയത്.
ഇതിന് പുറമെ ചെന്നൈയിലെ വിക്ടോറിയ മറൈന്‍, മഹാരാഷ്ട്രയിലെ ഇന്റര്‍നാഷണല്‍ ക്രിയേറ്റീവ് ഫുഡ്സ്, ഗുജറാത്തിലെ ഹിന്ദുസ്ഥാന്‍ ലിവര്‍ യൂണിറ്റ് എന്നീ കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികള്‍ കയറ്റുമതി ചെയ്ത കടല്‍വിഭവങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങള്‍ ഇതെല്ലാം മടക്കിയയച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇഐഎയും ഈ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും കടല്‍വിഭവങ്ങള്‍ കയറ്റിയയ്ക്കുന്ന മറ്റ് 17 കമ്പനികളുടെ പെട്ടികള്‍ കൂടി പരിശോധിക്കുമെന്നും ഇഐഎ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ കടല്‍വിഭവകയറ്റുമതി രംഗത്തെ പ്രധാന കമ്പനികളാണ് ഇപ്പോള്‍ നിരോധനത്തിന് വിധേയമായിട്ടുള്ള അഞ്ച് കമ്പനികള്‍. ഇന്ത്യയുടെ മൊത്തം കയറ്റുമതി വരുമാനമായ 6,000 കോടിയില്‍ 5,00 കോടി വരെ നേടുന്നത് ഈ അഞ്ച് കമ്പനികളാണ്.
കയറ്റുമതി നിരോധന തീരുമാനത്തെതുടര്‍ന്ന് സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ കേന്ദ്ര വാണിജ്യസഹമന്ത്രി രാജീവ് പ്രതാപ് റൂഡിയെയും വാണിജ്യസെക്രട്ടറിയെയും കാണും. ഇതിന്റെ ഭാഗമായി ഓള്‍ ഇന്ത്യ സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഏലിയാസ് സേഠും മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി(എംപിഇഡിഎ) വൈസ് ചെയര്‍മാന്‍ എ.ജെ. തരകനും ദില്ലിയ്ക്ക് തിരിച്ചിട്ടുള്ളതായി അസോസിയേഷന്‍ സെക്രട്ടറി സാന്റോ ജോസഫ് അറിയിച്ചു.












Click it and Unblock the Notifications