ഗുരുവായൂരിലും സുരക്ഷ ശക്തമാക്കും
ദില്ലി: കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രമുള്‍പ്പെടെ ഇന്ത്യയിലെ 36 ക്ഷേത്രങ്ങളില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇത് സംബന്ധിച്ച് അതാത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി. ഗുജറാത്തിലെ അക്ഷര്‍ ധാം സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ തോക്കുധാരികളായ തീവ്രവാദികള്‍ കടന്നുകയറി ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം, വാരണസിയിലെ കാശി വിശ്വനാഥക്ഷേത്രം, ഉത്തര്‍പ്രദേശിലെ അയോധ്യക്ഷേത്രം, ഒറീസ്സയിലെ പുരി ക്ഷേത്രം, തമിഴ്നാട്ടിലെ മീനാക്ഷിക്ഷേത്രം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
പുതിയ തീരുമാനപ്രകാരം ക്ഷേത്രങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ മാത്രമേ സുരക്ഷാ ആവശ്യങ്ങള്‍ക്കായി സൈന്യത്തെ അയയ്ക്കൂ. മറ്റ് ക്ഷേത്രങ്ങളില്‍ അതാത് സംസ്ഥാനങ്ങളാണ് സുരക്ഷാനടപടികള്‍ സ്വീകരിക്കേണ്ടത്. കേന്ദ്രഅര്‍ധസൈനികവിഭാഗം അതാത് സംസ്ഥാനങ്ങളില്‍ തന്ത്രപ്രധാനസ്ഥലങ്ങളില്‍ നിലയുറപ്പിക്കും.












Click it and Unblock the Notifications