ആന്റണി ആഭ്യന്തരം ഒഴിയണം: ശോഭന
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ശോഭനാ ജോര്‍ജ്ജ് എംഎല്‍എ ആവശ്യപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെങ്കില്‍ അതാണ് നല്ലതെന്നും അവര്‍ പറഞ്ഞു. സപ്തംബര്‍ 26 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശോഭന ഇക്കാര്യം ആവശ്യപ്പെട്ടത്.
മന്ത്രി കെ.വി. തോമസിന് എതിരായ വ്യാജരേഖക്കേസില്‍ മുഖ്യമന്ത്രി തന്നെ വേട്ടയാടുകയാണ്. കെ. കരുണാകരനോടൊപ്പം നില്ക്കുന്നതിനാലാണ് എന്നെ കരിതേച്ച് കാണിക്കുന്നത്. അതുവഴി കെ. കരുണാകനെ താറടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കഴിഞ്ഞ മൂന്ന് മാസമായി മുഖ്യമന്ത്രിയും ക്രൈംബ്രാഞ്ചും എന്നെ വേട്ടയാടുകയാണ്. മൂത്തമകളുടെ വിവാഹം പോലും മുടങ്ങി. ഇനിയും തന്നെ ക്രൂശിച്ചത് മതിയായില്ലേ?- ശോഭനാ ജോര്‍ജ്ജ് ചോദിച്ചു.
വ്യാജരേഖ നിര്‍മ്മിച്ചത് ക്രൈം പത്രാധിപര്‍ നന്ദകുമാറാണെന്നും ശോഭന ആരോപിച്ചു. സപ്തംബര്‍ 15ന്റെ ക്രൈം ലക്കത്തില്‍ വ്യാജരേഖയുടെ ഒരു കോപ്പി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ പൊലീസ് മേധാവിയുടെ ഓഫീസിലെ സീല്‍ ഇല്ല. വ്യാജരേഖയുടെ മാസ്റര്‍ കോപ്പിയാണിതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നതെന്നും ശോഭന പറഞ്ഞു.
താന്‍ ഇനി നുണപരിശോധനയ്ക്ക് വിധേയയാകാന്‍ ഒരുക്കമല്ല. ആദ്യം നുണപരിശോധനയ്ക്ക് വിധേയനാക്കേണ്ടത് മുഖ്യമന്ത്രിയെത്തന്നെയാണ്. - ശോഭന ജോര്‍ജ്ജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications