ബാംഗ്ലൂരില്‍ അഞ്ച് തീവ്രവാദികളെ കൊന്നു
ബാംഗ്ലൂര്‍: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രധാനപ്രതിയായ ഇമാം അലിയുള്‍പ്പെടെ അഞ്ച് തീവ്രവാദികള്‍ ബാംഗ്ലൂരില്‍ പൊലീസുമായുള്ള വെടിവയ്പില്‍ കൊല്ലപ്പെട്ടു. ബാംഗ്ലൂരിലെ സഞ്ജയ് നഗറിലുള്ള ഒരു വീട്ടിലാണ് തീവ്രവാദികള്‍ ഒളിച്ചുകഴിഞ്ഞിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക-തമിഴ്നാട് പൊലീസ് സംഘങ്ങള്‍ സംയുക്തമായി വീടുവളഞ്ഞ് നടത്തിയ ആക്രമണത്തിലാണ് ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. 13 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
തീവ്രവാദികളില്‍ നിന്ന് ഒരു എകെ 47 റൈഫിളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. തീവ്രവാദികള്‍ താമസിച്ചിരുന്ന വീടുവളഞ്ഞ പൊലീസ് അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കീഴടങ്ങിയില്ല. തുടര്‍ന്ന് നടന്ന വെടിവയ്പിലാണ് അഞ്ചുതീവ്രവാദികളും കൊല്ലപ്പെട്ടത്.
ഏഴു മാസം മുമ്പ് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ തിരുമംഗലത്തിനടുത്ത്വച്ച് പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു ഇമാം അലി. ഇമാം അലിയുടെ തലയ്ക്ക് പൊലീസ് അഞ്ച്ലക്ഷം രൂപ വിലയിട്ടിരുന്നു. മധുരയിലെ മേലൂര്‍ സ്വദേശിയായ ഇമാം അലിയ്ക്ക് പാകിസ്ഥാനിലെ ഐഎസ്ഐയുടെ പരിശീലനം ലഭിച്ചിട്ടുണ്ട്.
മൂന്നു മാസം മുമ്പാണ് ഇവര്‍ ബാംഗ്ലൂരിലെ സഞ്ജയ് നഗറില്‍ വീട് വാടകയ്ക്കെടുത്തത്. തങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും മരക്കച്ചവടക്കാരാണെന്നുമാണ് ഇവര്‍ വീട്ടുടമയ്ക്ക് സ്വയം പരിചയപ്പെടുത്തിയത്.
എന്നാല്‍ ഇവര്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് വീട്ടുടമയുമായി തെറ്റി. തിങ്കളാഴ്ച ഇവര്‍ വീടൊഴിയാനിരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയാണ് പൊലീസ് വീടുവളഞ്ഞത്. ഇവരോട് കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടു. അപ്പോള്‍ അകത്തുനിന്നും ഇമാമും കൂട്ടരും വെടിയുതിര്‍ത്തു. അപകടം മണത്ത പൊലീസ് ആദ്യം കണ്ണീര്‍വാതകഷെല്‍ ജനവാതിലിലൂടെ വീടിനുള്ളിലേക്ക് പൊട്ടിച്ചു.
തുടര്‍ന്ന് എകെ 47 ഉപയോഗിച്ചാണ് വീട്ടിനുള്ളില്‍ നിന്ന് തീവ്രവാദികള്‍ പ്രതികരിച്ചത്. ഇതോടെ വീട്ടിനുള്ളിലേക്ക് പൊലീസ് ഇരച്ചുകയറി വെടിവെപ്പു തുടങ്ങി. ഒരു പെണ്‍കുട്ടിയടക്കം നാല്പേര്‍ വെടിവെപ്പില്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഇമാം അലിയും കൂട്ടരും ബാംഗ്ലൂരിലേക്ക് കടന്നതായി മധുരപൊലീസില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക പൊലീസും ഇവരെ പിന്തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം വീട് വാടകയ്ക്കെടുക്കാനെന്ന ഭാവേന ഒരു ഇന്‍സ്പെക്ടറും വനിതാപൊലീസും ചേര്‍ന്ന് ഈ വീട് സന്ദര്‍ശിച്ചിരുന്നു.
ബാംഗ്ലൂരില്‍ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് വീടുവളഞ്ഞത്. ചെന്നൈയില്‍ ആര്‍എസ്എസ് ഓഫീസില്‍ ബോംബ് സ്ഫോടനം നടത്തിയതിന് പിന്നിലും ഈ തീവ്രവാദികളാണ്. ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ വധിക്കാനും ഈ സംഘത്തിന് പദ്ധതിയുണ്ടായിരുന്നു.












Click it and Unblock the Notifications