പാര്‍ട്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല: വിജയകുമാര്‍
കൊച്ചി: സത്യനേശനെതിരെ പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടൊന്നും തന്റെ പക്കലില്ലെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍ കല്ലുവാതുക്കല്‍ മദ്യദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന് മുന്നില്‍ ബോധിപ്പിച്ചു.
സത്യനേശനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി റിപ്പോര്‍ട്ടൊന്നും തയ്യാറാക്കിയിട്ടില്ല. സത്യനേശന്റെ പ്രവര്‍ത്തനം പാര്‍ട്ടിയ്ക്ക് അപമാനകരമായതു കൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
സത്യനേശനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് തന്റെ കൈയില്‍ തെളിവുകളോ രേഖകളോ ഇല്ല. തെളിവെടുപ്പ് നടത്തുന്ന രീതിയിലുള്ള അന്വേഷണമല്ല താനുള്‍പ്പെട്ട പാര്‍ട്ടി സമിതി നടത്തിയത്. പാര്‍ട്ടിയുടെ പക്കലുള്ള അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഭാവനാ സൃഷ്ടി മാത്രമാണ്.
സത്യനേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമായ രേഖകളും തെളിവുകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍കുമാര്‍ കമ്മിഷന്‍ വിജയകുമാറിന് നോട്ടീസ് അയച്ചിരുന്നു.
മദ്യദുരന്തക്കേസില്‍ കൊല്ലം സെഷന്‍സ് കോടതിയുടെ ചില പരാമര്‍ശങ്ങളും വിജിലന്‍സ് അന്വേഷണത്തിനിടെ ചില സാക്ഷികള്‍ നല്‍കിയ മൊഴികളുമാണ് സത്യനേശനെതിരായ അന്വേഷണത്തിന് കാരണമായതെന്ന് വിജയകുമാറിന് വേണ്ടി ഹാജരായ അഡ്വ. സി. ഇ. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications