ആന്റണി എംഎല്‍എമാരെ വിലയ്ക്കെടുത്തു: ചെറിയാന്‍
കോട്ടയം: ആന്റണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് കരുണാകരനെ പുറത്താക്കിയതെന്ന് ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസ് ഐ ഗ്രുപ്പില്‍പ്പെട്ട അഞ്ച് എം.എല്‍.എ മാരെയാണ് കരുണാകരനെ പുറത്താക്കാന്‍ ആന്റണിയുടെ നേതൃത്വത്തില്‍ 1995ല്‍ വിലയ്ക്കുവാങ്ങിയതെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.
അന്ന് ആന്റണിക്കൊപ്പം നിന്ന തനിക്കും ഈ നീക്കത്തില്‍ ഭാഗികമായ പങ്കുണ്ടായിരുന്നെന്ന് ചെറിയാന്‍ ഫിലിപ്പ് സമ്മതിച്ചു. വിലയ്ക്കു വാങ്ങപ്പെട്ട എം.എല്‍.എമാരുടെ പേരുകള്‍ തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കരുണാകരനെ പുറത്താക്കാന്‍ ഏ.കെ. ആന്റണി ദില്ലിയിലിരുന്ന് ചരടുവലിക്കുകയായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. അന്നത്തെ അച്ചടക്കലംഘനത്തിന്റെ പിന്തുടര്‍ച്ചയാണ് പാര്‍ട്ടിയിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇക്കാര്യം ഉമ്മന്‍ചാണ്ടിയ്ക്ക് നിഷേധിക്കാന്‍ കഴിയുമോ എന്നും ചെറിയാന്‍ വെല്ലുവിളിച്ചു.
ശൈഥില്യം സംഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ക്ക് നില്‍ക്കാനാവില്ല. അച്ചടക്ക ലംഘനത്തിന് മുന്‍കാലപ്രാബല്യം നല്‍കിയാല്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമാകും ആദ്യം പുറത്താവുക.-ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.












Click it and Unblock the Notifications