ശോഭനയെ കരുണാകരനും കൈവിട്ടു?
തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ കുടുങ്ങിയ ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ കരുണാകരനും കൈവിട്ടോ? കഴിഞ്ഞ രാത്രി രക്ഷ തേടി കരുണാകരനെ ചെന്നു കണ്ട ശോഭനയ്ക്ക് ലീഡറില്‍ നിന്ന് അനുകൂല മറുപടിയല്ല കിട്ടിയതെന്നറിയുന്നു.
എന്നാല്‍ ഇത് അനുമാനം മാത്രമാണ്. നേതൃത്ത്വത്തിന് അനഭിമതനായിരിയ്ക്കുന്ന അവസരമായതുകൊണ്ട് കരുണാകരന് ശോഭനയ്ക്ക് വേണ്ടി യാതൊന്നും ചെയ്യാനാവാത്ത അവസ്ഥയാണിപ്പോള്‍.
സപ്തംബര്‍ 30 തിങ്കളാഴ്ച തന്നെ വന്നുകണ്ട വാര്‍ത്താലേഖകരോട് എല്ലാ പ്രശ്നങ്ങളും താന്‍ ഒറ്റയ്ക്ക് നേരിടും എന്നായിരുന്നു ശോഭനാ ജോര്‍ജ്ജിന്റെ പ്രതികരണം. കരുണാകനോട് തനിക്ക്വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.
എന്തായാലും വ്യാജരേഖാക്കേസില്‍ ഐ ഗ്രൂപ്പ് പ്രത്യക്ഷത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. തുടക്കം മുതല്‍ തന്നെ ശോഭന സ്വയമാണ് ഇതിനെതിരെ നീങ്ങുന്നത്. ശോഭനയെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നതിന് അനുകൂലമായോ പ്രതികൂലമായോ കരുണാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ഈ കേസില്‍ ഇടപെടാന്‍ ഐ ഗ്രൂപ്പിന് താല്പര്യമില്ലെന്നാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ കരുണാകരന്‍ ശോഭനയ്ക്ക് തന്ത്രങ്ങള്‍ ഉപദേശിയ്ക്കുന്നുണ്ട്. ചെന്നൈയില്‍ പോയി ജയലളിതയെകണ്ടതും സൂര്യയ്ക്ക് എതിരെ ചെന്നൈയില്‍ കേസുകൊടുത്തതും കരുണാകരന്റെ ബുദ്ധിതന്നെയാണ്.
കഴിഞ്ഞ ദിവസം കരുണാകരനുമായി നടത്തിയ കൂടികാഴ്ച അതുകൊണ്ട് തന്നെ തന്ത്രങ്ങള്‍ തേടാനായിരുന്നില്ലെന്ന് കരുതാനാവില്ല.
ശോഭനാ ജോര്‍ജ്ജിന്റെ ആക്കുളത്തുള്ള വീട്ടിന്റെ പരിസരത്ത് ക്രൈം ബ്രാഞ്ച്- സ്പെഷന്‍ ബ്രാഞ്ച് പൊലീസ് മഫ്ടി വേഷത്തില്‍ റോന്തുചുറ്റുന്നുണ്ട്. എപ്പോഴും എന്തും സംഭവിക്കാമെന്ന സ്ഥിതിവിശേഷമാണ് ഇവിടെ. ശോഭനാ ജോര്‍ജ്ജിനെ ഉടനെ അറസ്റുചെയ്തേക്കുമെന്നും അറസ്റ് ഒഴിവാക്കി കോടതിയില്‍ ശോഭനയ്ക്കെതിരെ നേരിട്ട് റിപ്പോര്‍ട്ട് കൊടുക്കുമെന്നും അഭ്യൂഹമുണ്ട്.












Click it and Unblock the Notifications