പൊരിച്ച കല്ലുമ്മക്കാ പാക്കറ്റില്‍
കൊച്ചി: കല്ലുമ്മക്കാ പൊരിച്ചത് ഇനി പാക്കറ്റില്‍ ലഭ്യമാകും. സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ആണ് പൊരിച്ച കല്ലുമ്മക്കാ കേടുകൂടാതെ പാക്കറ്റിലാക്കാവുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊരിച്ച കല്ലുമ്മക്കാ വിപണിയിലിറക്കാന്‍ തയ്യാറായി പലരും മുന്നോട്ട് വന്നിട്ടുണ്ടെന്ന് സിഐഎഫ്ടി മേധാവി ഡോ. കെ. ദേവദാസന്‍ പറഞ്ഞു. ജെ. ബിന്ദു, ടി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, ഡോ. ടി.കെ. ശ്രീനിവാസ ഗോപാല്‍ എന്നിവരടങ്ങിയ ഗവേഷകസംഘമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
വടക്കന്‍ കേരളത്തില്‍ ഒരു പ്രത്യേക സമയത്ത് മാത്രം സുലഭമായി ലഭിക്കുന്ന കല്ലുമ്മക്കായുടെ വിപണിയില്‍ ഒരു വലിയ മാറ്റം ഈ പുതിയ കണ്ടുപിടുത്തം കൊണ്ടുവരും. എല്ലാക്കാലത്തും പൊരിച്ച കല്ലുമ്മക്കാ കഴിക്കാവുന്ന സ്ഥിതിവിശേഷം ഇനി ഉപഭോക്താക്കള്‍ക്ക് സ്വന്തം.
പാക്കറ്റിലാക്കിയ പൊരിച്ച കല്ലുമ്മക്കാ ഒരു വര്‍ഷം വരെ കേടുകൂടാതെ സാധാരണ താപനിലയില്‍ സൂക്ഷിക്കാം. ഒന്നിലധികം പാളികളുള്ള പ്രത്യേക പാക്കറ്റിലായിരിക്കും പൊരിച്ച കല്ലുമ്മക്കാ നിറയ്ക്കുക. കല്ലുമ്മക്കാ കറിവയ്ക്കാന്‍ പാകത്തില്‍ വൃത്തിയാക്കുക എന്നത് വിഷമകരമാണ്. അതിനാല്‍ റെഡിമെയ്ഡായി പാക്കറ്റില്‍ ലഭിക്കുന്ന പൊരിച്ച കല്ലുമ്മക്കായ്ക്ക് നല്ല ഡിമാന്റായിരിക്കുമെന്ന് കരുതുന്നു.
കേരളത്തിലെ തീരദേശങ്ങളില്‍ പ്രത്യേക കാലങ്ങളില്‍ സുലഭമായി ലഭിക്കുന്ന കല്ലുമ്മക്കാ ഇപ്പോള്‍ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കല്ലുമ്മക്കാ ഇറച്ചിയാണ് തണുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നത്. പക്ഷെ ഇനി റെഡിയായി പൊരിച്ച കല്ലുമ്മക്കാ ലഭിച്ചാല്‍ ഇതിന് വിദേശങ്ങളിലും നല്ല വിപണി കണ്ടെത്താനാവും.
കല്ലുമ്മക്കാ ഉപയോഗിച്ച് വ്യത്യസ്ത ഉല്പന്നങ്ങളും സിഐഎഫ്ടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൊരിച്ച കല്ലുമ്മക്കായ്ക്ക് പുറമെ കല്ലുമ്മക്കാ കൊണ്ടുള്ള ചമ്മന്തിപ്പൊടി, അച്ചാര്‍, കല്ലുമ്മക്കാ ഉപ്പിലിട്ടത് എന്നിവയും സിഐഎഫ്ടി വികസിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications